ചെന്നൈ : മെഗാസ്റ്റാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 2019 ഫെബ്രുവരി 1 ന് റിലീസ് ചെയ്ത ‘പേരന്പ്’. ഈ ചിത്രം തമിഴില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തും വലിയ ചർച്ചയാവുകയും, നിരവധി പുരസ്ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. തമിഴ് സംവിധായകന് റാം ഒരുക്കിയ ചിത്രത്തില്‍ അമുദവന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗബാധിതയായ മകള്‍ക്കൊപ്പം ജീവിക്കുന്ന അച്ഛനെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. മമ്മൂക്ക അമുദവനായി ജീവിക്കുകയായിരുന്ന എന്നാണ് എല്ലാവരും പറഞ്ഞത്.
ഇപ്പോഴിത ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരാള്‍ മമ്മൂട്ടിയോട് ചോദിച്ച ഒരു ചോദ്യവും അതിനു മമ്മൂട്ടി നല്കിയ ഉത്തരവും എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന് റാം. ‘ഒരു പുരസ്കാരദാന ചടങ്ങില്‍ മമ്മൂക്കയോട് എങ്ങനെ ഈ സിനിമ ഇത്ര വൈകാരികമായി ചെയ്തു എന്നാണ് അവതാരകന് ചോദിച്ചത്. അതിനു മമ്മൂട്ടി നല്കിയ മറുപടി, ‘എന്റെ മകള്‍ക്കാണ് ഇത് വന്നതെങ്കില്‍ എന്ന് ഞാന്‍ ഉള്ളില്‍ ചിന്തിച്ചു’ എന്നാണ്. മമ്മൂട്ടി പറഞ്ഞ ആ ഉത്തരത്തില്‍ ആ നടന്റെയും ആ പിതാവിന്റെയും എല്ലാ വികാരങ്ങളും ഉണ്ടായിരുന്നു’- റാം പറഞ്ഞു .
‘അതിമനോഹരമായി ആണ് മമ്മൂട്ടി ആ വേഷം ചെയ്തത്. ഒട്ടും നാടകീയത ഇല്ലാതെ മമ്മൂട്ടി അമുദവന് ജീവന് പകർന്നു. താന്‍ ഉദ്ദേശിക്കുന്നതിനു മുകളില്‍ ഒരു നടന് അഭിനയിക്കുമ്പോൾ ആണ് ഒരു സംവിധായകന് ഒട്ടും സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നത്. മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ കിട്ടിയത് കൊണ്ടാണ് പേരന്പ് പോലുള്ള ചിത്രം ഇത്ര നന്നായി ചെയ്യാന്‍ തനിക്കു സാധിച്ചത്’- റാം കൂട്ടിച്ചേർത്തു.
Post Your Comments