മുംബൈ : ആർട്ട്ഹൗസ്, കൊമേഴ്സ്യൽ സിനിമകളിലെ അഭിനയത്തിന് പേരു കേട്ട നടിയാണ് നീന ഗുപ്ത. കുട്ടിക്കാലത്തും കൌമാരത്തിലും ഒരു ഡോക്ടറില്‍ നിന്നും തയ്യല്‍ക്കാരനില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി. ‘സച്ച് കഹൂന്‍ തോ’ എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയിലാണ് സ്കൂള്‍ കാലഘട്ടത്തിലെ നല്ലതും മോശവുമായ ഓര്‍മകള്‍ നീന ഗുപ്ത പങ്കുവെയ്ക്കുന്നത്. നടി കരീന കപൂര്‍ ആണ് ആത്മകഥ പ്രകാശനം ചെയ്തത്. താൻ ലൈംഗികാതിക്രമത്തിന് വിധേയയായിട്ടും അതേക്കുറിച്ച് അമ്മയോട് പറയാതിരുന്നതിന്റെ കാരണവും നടി വിശദീകരിക്കുന്നുണ്ട്.
ചെറുപ്പത്തില്‍ ഒരു ഒപ്റ്റീഷ്യനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം നീന ഗുപ്ത ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. തന്നെ അകത്തേക്ക് കയറാന്‍ അനുവദിച്ചപ്പോള്‍ കൂടെ വന്ന സഹോദരനോട് പുറത്തു കാത്തുനില്ക്കാന് ആവശ്യപ്പെട്ടതായി അവര്‍ പറയുന്നു. ‘ഡോക്ടര്‍ ആദ്യം എന്റെ കണ്ണുകള്‍ പരിശോധിക്കാന്‍ തുടങ്ങി. എന്നാല്‍ പതിയെപ്പതിയെ അദ്ദേഹം കണ്ണുമായി ബന്ധമില്ലാത്ത മറ്റു ശരീരഭാഗങ്ങളും പരിശോധിക്കാന്‍ ആരംഭിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ എനിക്ക് ഭയവും വെറുപ്പുമാണ് തോന്നിയത്. വീട്ടിലെ ഒരു മൂലയിലിരുന്ന് ഞാന്‍ കരഞ്ഞു. ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് പറയാന്‍ എനിക്ക് പേടിയായിരുന്നു. എന്റെ തെറ്റ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ആ ഡോക്ടറെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നുമൊക്കെ അമ്മ പറയുമോ എന്ന ഭയമായിരുന്നു അതിന് കാരണം’- അവര്‍ പറഞ്ഞു. ഇതേ ഡോക്ടറില്‍ നിന്ന് പല തവണ തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഒരു തയ്യല്‍ക്കാരനില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും ആത്മകഥയില്‍ നീന ഗുപ്ത തുറന്നെഴുതിയിട്ടുണ്ട്. ‘വസ്ത്രം തയ്ക്കാന്‍ വേണ്ട അളവെടുക്കുമ്പോൾ മോശമായ രീതിയില്‍ അയാള്‍ തന്നെ സ്പര്‍ശിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം അവിടേയ്ക്ക് പല തവണ പോകാന്‍ നിര്‍ബന്ധിതയായി. കാരണം, എനിക്ക് മറ്റൊരു ചോയ്സ് ഉണ്ടായിരുന്നില്ല. എനിക്ക് ആ തയ്യല്‍ക്കാരന്റെ അടുത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാല്‍ അമ്മ അതിന്റെ കാരണം ചോദിക്കുമായിരുന്നു. അങ്ങനെ വന്നാല്‍ ഈ സംഭവത്തെക്കുറിച്ച് എനിക്ക് അവരോട് പറയേണ്ടി വരുമായിരുന്നു’- നീന വിശദീകരിക്കുന്നു.
പതിനാറാം വയസില്‍ ഒരു സുഹൃത്തിന്റെ സഹോദരന് തന്നെ ലൈംഗികമായ രീതിയില്‍ സമീപിച്ചിരുന്നു എന്നും നടി തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ഉടനെയാണ് ഈ സംഭവം ഉണ്ടായതെന്നും എന്നാല്‍ അദ്ദേഹത്തെയോ കുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്താത്ത വിധത്തില്‍ അദ്ദേഹത്തിന്റെ ലൈംഗികമായ പെരുമാറ്റത്തെ തള്ളിക്കളഞ്ഞതായും നടി പറയുന്നു.
Post Your Comments