ചെന്നൈ : മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഇന്ദ്രജ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള ഇന്ദ്രജ 2007 ലാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
ഇന്ദ്രജയുടെ വിവാഹവും വ്യക്തിജീവിതവും അധികം വാർത്തയാകാറില്ല. സമൂഹ മാധ്യമങ്ങളിലും നടി അധികം വിശേഷങ്ങൾ ഒന്നും പങ്കുവയ്ക്കാറില്ല . തമിഴ് ടെലിവിഷന്‍ നടനായ അബ്സാര്‍ ആണ് ഇന്ദ്രജയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു അതെന്ന് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞു .
‘അബ്സാറും ഞാനും സുഹൃത്തുക്കളായിരുന്നു. ആറ് വര്‍ഷത്തോളം അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവമൊക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിലാകുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളില്‍ ഇടപെടാത്ത ഒരാളാണ് അദ്ദേഹം. അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്,’ ഇന്ദ്രജ പറഞ്ഞു.
മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് അബ്സാറും ഇന്ദ്രജയും ജീവിതത്തില്‍ ഒന്നായത്. വീട്ടുകാര്‍ സമ്മതിക്കുമെന്ന് കരുതി കുറേ കാലം കാത്തിരുന്നെങ്കിലും അത് നടന്നില്ല. പരമ്പരാഗത തുളു കുടുംബത്തില്‍ നിന്നുള്ള ആളായ ഇന്ദ്രജ മുസ്ലിം വിഭാഗത്തിൽ പെട്ട ആളെ വിവാഹം കഴിച്ചതാണ് കുടുംബത്തിന്റെ എതിര്‍പ്പിന് പ്രധാന കാരണം. വീട്ടുകാരുടെ പിന്തുണയില്ലാതെ വന്നപ്പോള്‍ തങ്ങള്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഇന്ദ്രജ പറഞ്ഞു.
Post Your Comments