തൃശൂർ : 48 വർഷത്തെ സിനിമാഭിനയജീവിതം, 250 സിനിമകൾ, അതിൽ നല്ലൊരു പങ്കും കടുത്ത വില്ലൻ വേഷങ്ങൾ, നാടകാഭിനയം, ടി ജി രവിയെന്ന അതുല്യ പ്രതിഭയുടെ കലാജീവിതം എത്തിനിൽക്കുന്നത് അറുപതാംവർഷത്തിൽ.
2015-ൽ മൂത്തമകൻ രഞ്ജിത്ത് രവിക്കു വേണ്ടി അദ്ദേഹം തന്നെ പണിത വീട്ടിലാണ് ഇപ്പോൾ താമസം. ഡോക്ടറായിരുന്ന ഭാര്യ സുഭദ്രയെന്ന അമ്പിളിയാണ് ഇപ്പോഴത്തെ ‘നിത്യസാന്നിധ്യം’. രവി സ്ത്രീകളെ അമ്പരിപ്പിക്കുന്ന കഥാപാത്രങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിന്റെ ഏറ്റവും മികച്ച വിലയിരുത്തലുകൾ കേട്ടിരുന്നത് അമ്പിളിയിൽ നിന്നായിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹം പുതിയ തലമുറയ്ക്കൊപ്പം സ്വഭാവനടനായി മാറിയപ്പോൾ അത് കാണാൻ അമ്പിളിയില്ല. ഓർക്കുമ്പോൾ കണ്ണുകളിൽ നനവുപടരുമെങ്കിലും ഒന്നും പുറത്തു കാണിക്കാതെ ഫുൾ ടൈം തിരക്കിലാണ് രവി .
രാവിലെ അഞ്ചിന് എഴുന്നേറ്റാൽ അടുക്കളയിലെത്തി ഒരു ഉഷാർ കട്ടൻ ഉണ്ടാക്കും. നേരെ ടെറസിലേക്ക്. കൃഷി പരിപാലനമാണ് ഇനിയുള്ള രണ്ടുമണിക്കൂർ. പാവൽ, പടവലം, കുമ്പളം, മത്തൻ, പയർ, വെണ്ട, ചീര എല്ലാമുണ്ട് കൂട്ടായിട്ട് .പുറത്തേക്കിറങ്ങുമ്പോൾ റബ്ബർകൊണ്ടുള്ള വള്ളിച്ചെരുപ്പിൽ അല്ലാതെ ടി.ജി. രവിയെ കാണാനാവില്ല. ‘മുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും, എനിക്ക് ഏറ്റവും സുഖപ്രദം ഇതാണ്’- അദ്ദേഹം പറയും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായശേഷമാണ് താടി വെക്കാൻ തുടങ്ങി. പിന്നീട് അത് മാറ്റണ്ട എന്ന് തീരുമാനിച്ചു.
പ്രാഞ്ചിയേട്ടനിലെ ഉതുപ്പാനെ പോലെ വെളുപ്പിനു മുതൽത്തന്നെ മദ്യത്തെ ആശ്രയിച്ചുകഴിയുന്ന കഥാപാത്രത്തെ പോലെ ടി.ജി. രവിയെക്കുറിച്ച് കരുതിയാൽ തെറ്റി. മദ്യവും സിഗരറ്റും ജീവിതത്തിൽ നിന്ന് അകന്നിട്ട് 40 വർഷത്തിലേറെയായി. കേരളവർമ കോളേജിനടുത്തുള്ള വീട്ടിലിരുന്ന് അദ്ദേഹം ഇപ്പോൾ പറയുന്നു- ‘ഞാനിവിടെ ഒറ്റയ്ക്ക് സുഖമായി കഴിയുന്നു. എന്റെ അമ്പിളിയുടെ ഓർമകളും കൃഷിയും ഒപ്പമുണ്ട്’.
Post Your Comments