Latest NewsNEWSSocial Media

‘പോയി വരൂ വേണുചേട്ടാ’: വൈറലായി ഒരു സിനിമാ ആസ്വാദകന്റെ കുറിപ്പ്

തിരുവനന്തപുരം : സിനിമാസ്വാദകരുടെയും സിനിമാ പ്രേമികളുടെയും കൂട്ടായ്മയായ മൂവി സ്ട്രീറ്റിലൂടെ നെടുമുടി വേണു എന്ന നടനെ കുറിച്ച്‌ മോനു വി സുദര്‍ശന്‍ എന്ന യുവാവ് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വീര്യമേറുന്ന വീഞ്ഞ് പോലെയായിരുന്നു നെടുമുടി എന്ന നടന്‍ എന്ന് യുവാവ് കുറിപ്പിൽ വ്യക്തമാക്കുന്നു.

മോനു വി സുദര്‍ശന്റെ പോസ്റ്റ് :

‘എണ്ണിയാലൊടുങ്ങാത്തത്ര വേഷങ്ങള്‍ കെട്ടിയാടിയിട്ടും ഓര്‍മ്മവാതില്‍ തള്ളി തുറന്ന് കയറുന്നത് രമേശന്‍ നായരുടെ അച്ഛന്റെ മുഖമാണ്. നാവിന്‍ തുമ്പിൽ നുണഞ്ഞ ഇഞ്ചിക്കറിയോടൊപ്പം അമ്മയെ ഓര്‍ക്കുന്ന തന്മാത്രയിലെ മകനെ നോക്കി അത് കേട്ട് ചിരിക്കുന്ന ഒരു മനുഷ്യന്റെ പുഞ്ചിരിയാണ്.. വാത്സല്യം എന്ന ഭാവം അതിലും പ്രിയങ്കരമായി അതിന് മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല..

അദ്ദേഹം ആരൊക്കെയോ ആയിരുന്നു.. അച്ഛന്‍, ജ്യേഷ്ഠന്‍, അയല്‍ക്കാരന്‍, കാരണവര്‍.. അങ്ങനെ ആരൊക്കെയോ.. അസാധ്യമായ എന്റര്‍ടൈന്‍മെന്റിന്റെ മടുപ്പിക്കാത്ത ആവര്‍ത്തന കാഴ്ചകളായി ചിത്രവും തേന്മാവിന്‍ കൊമ്പത്തും മണിച്ചിത്രത്താഴും താളവട്ടവും നിറഞ്ഞങ്ങനെ കത്തുമ്പോൾ അതിന്റെയെല്ലാം ഓരത്തായി നെടുമുടി എന്നൊരു പേരും കുറിക്കപ്പെട്ടിരുന്നു.. കൈമള്‍ ആയി, കൃഷ്ണന്‍ ആയി, തമ്പി ആയി..

ഏവര്‍ഗ്രീന്‍ ഭരതത്തിലെയും സര്‍വകലാശാലയിലെയും കുത്തഴിഞ്ഞ ജീവിതം പകര്‍ന്നാടിയ ആ നടന്‍ തന്നെ ഹിസ് ഹൈനസ് അബ്ദുള്ളയിലെയും അച്ചുവേട്ടന്റെ വീടിലെയും സാധുവായി വിസ്മയിപ്പിച്ചത് എന്നോര്‍ക്കുമ്പോഴാണ് ആ അഭിനയത്തിന്റെ തീക്ഷ്ണത ഒരുപക്ഷെ പൂര്‍ണമായി ഗ്രഹിക്കാന്‍ സാധിക്കുന്നത്.

ചെയ്ത് ഫലിപ്പിക്കാന്‍ പലരും വിയര്‍ക്കുന്ന ഫ്‌ളക്‌സ്ബിള്‍ കോമഡിയുടെ അത്രയും ഗംഭീരമായ അവതരണത്തില്‍ നെടുമുടി മാജിക് ഓടരുതമ്മാവാ ആളറിയാമും വെട്ടവും കിലുക്കവും മുതലിങ്ങോട്ട് അനുഭവിച്ചതെത്രയോ തവണ.

അങ്ങനെ ഓര്‍ത്തെടുക്കാന്‍ കഴിയാന്‍ ആകാത്തവണ്ണം പ്രിയങ്കരമായ എത്രയോ പേര്‍.. നെഞ്ചോട് ചേര്‍ന്നവര്‍.. ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും കടന്ന് സിനിമയുടെ അത്ഭുതവഹമായ ചലനാത്മകത അതിന്റെ മൂര്‍ത്തി ഭാവത്തില്‍ തെളിയുന്ന കാലത്തും പലരും വിസ്മൃതിയില്‍ മറയുമ്പോളും അദ്ദേഹത്തിനായി മുന്‍നിരയില്‍ ഒരു കസേര കരുതിയിരുന്നു മലയാളം സിനിമ.

ആ കസേരയില്‍ അമര്‍ന്നിരുന്നാ മനുഷ്യര്‍ ചാര്‍ളിയിലേ കാമുക ഭാവങ്ങളുടെയും കുസൃതിയുടെയും പൂര്‍ണതയായി, നോര്‍ത്ത് 24 കാതത്തിലെ ‘നായകനായി, കുപ്രസിദ്ധ പയ്യനിലെ വില്ലനായി, സെക്കന്റ് ക്ലാസ് യാത്രയിലെ ക്രൂരനായി..

വീര്യമേറുന്ന വീഞ്ഞ് പോലെയായിരുന്നു നെടുമുടി എന്ന നടന്‍.. മോഹിപ്പിക്കുന്ന രുചിഭേദങ്ങളുടെ വീഞ്ഞ്.. പുരസ്‌കാരങ്ങളിലോ അതിന്റെ എണ്ണത്തിലോ തളച്ചിടാന്‍ ആവില്ല ആ നടനെ.. അഭിനയം ജീവവായു ആക്കിയ ആള്‍ക്ക് ആദരമെന്തിന്.. അത് ജീവിതം തന്നെയല്ലേ.. ഉറപ്പാണ്.. മലയാളിയുള്ളിടത്തോളം കാലം.. മലയാളമുള്ളിടത്തോളം കാലം.. സിനിമ ഉള്ളിടത്തോളം കാലം.. ആ പേര് ഇനിയും മുഴങ്ങിക്കൊണ്ടിരിക്കും.

അപരിചിതമായ മറ്റൊരു ലോകത്തിലേക്കുള്ള യാത്രക്കിടയിലാവാം ആ മനുഷ്യന്‍. അവിടെ കെട്ടിയാടാന്‍ വേഷങ്ങള്‍ പലതാണ്. അവിടെയും അഭിനയത്തില്‍ അദ്ദേഹം കവിത രചിക്കട്ടെ.. പോയി വരൂ.. അത്രയും പ്രിയപ്പെട്ട വേണുച്ചേട്ടാ..’

shortlink

Related Articles

Post Your Comments


Back to top button