InterviewsLatest NewsNEWS

‘കെ.വി ആനന്ദിന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോൾ അസൂയ തോന്നി, പക്ഷെ അത് അവാർഡ് കിട്ടാത്തതിലല്ല’ : രവി കെ. ചന്ദ്രന്‍

തിരുവനന്തപുരം : ഛായാഗ്രാഹകന്‍ കെ.വി ആനന്ദിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ ക്യാമറാമാനായി ആദ്യം തന്നെയായിരുന്നു വിളിച്ചത് എന്ന് ഛായാഗ്രഹകനും ഭ്രമം സിനിമയുടെ സംവിധായകനുമായ രവി കെ. ചന്ദ്രന്‍. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്.

സിനിമയിലെ ഒ.ടി.ടി കാലത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മനോരമ ഓണ്‍ലൈനോട് ആണ് രവി കെ. ചന്ദ്രന്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ‘ സിനിമയുടെ സാങ്കേതികതകൾ കാലത്തിനൊത്തു മാറുകയാണ്. എല്ലാ മേഖലകളിലും വലിയ മാറ്റമില്ലേ? മുമ്പു പുസ്തകങ്ങള്‍ വായിച്ചിരുന്ന ഞാൻ ഇപ്പോള്‍ ഓഡിയോ ബുക്ക് കേള്‍ക്കുന്നു. 30 വര്‍ഷം പിന്നോട്ടൊന്നു ചിന്തിച്ചു നോക്കൂ, നാം എത്ര മാറിയെന്ന്. പ്രിയന്‍ തേന്‍മാവിന്‍ കൊമ്പത്ത് ചെയ്യുന്ന സമയത്ത് ക്യാമറ ചെയ്യാന്‍ എന്നെ വിളിച്ചപ്പോള്‍ മറ്റൊരു സിനിമയുടെ തിരക്കായതിനാല്‍ പോകാനായില്ല. പകരം കെ.വി ആനന്ദ് ആ സിനിമ ചെയ്തു. അദ്ദേഹത്തിനു ദേശീയ അവാര്‍ഡും കിട്ടി. ഇതറിഞ്ഞ് എനിക്ക് വലിയ അസൂയയായി. ദേശീയ അവാര്‍ഡ് കിട്ടാത്തതിനല്ല. അന്നൊക്കെ ലാന്‍ഡ് ലൈന്‍ ഫോണിനായി അപേക്ഷ നല്‍കിയാല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. പക്ഷേ, ദേശീയ അവാര്‍ഡ് കിട്ടിയാല്‍ ഉടന്‍ കണക്ഷന്‍ കിട്ടും. അപേക്ഷ കൊടുത്തു 3 വര്‍ഷമായി കാത്തിരുന്ന തനിക്കു മുമ്പേ അങ്ങനെ ആനന്ദിനു ഫോണ്‍ കിട്ടി’- രവി കെ. ചന്ദ്രന്‍ പറഞ്ഞു.

ഒക്ടോബര്‍ 7ന് ആണ് ഭ്രമം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഛായാഗ്രാഹകനായ രവി കെ. ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, അനന്യ, ജഗദീഷ്, ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേക്ക് ആണ് ഭ്രമം.

shortlink

Post Your Comments


Back to top button