പ്രതിസന്ധികളുടെയും പൂട്ടികെട്ടലുകളുടെയും കാലം കടന്ന് സിനിമാ ലോകം വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിലേക്ക്. കൂടുതൽ മലയാള സിനിമകൾ ചിത്രീകരണത്തിനായി ദുബായിലേക്ക് പോകാനൊരുങ്ങുന്നു. മമ്മൂട്ടി മോഹൻലാൽ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക മുൻനിര താരങ്ങൾക്കും യു.എ.ഇ ഗവൺമെന്റ് പത്ത് വർഷത്തെ ഗോൾഡൻ വിസ സമ്മാനിച്ചിരുന്നു. ഇതിനു പുറമെ മലയാള സിനിമാ ചിത്രീകരണങ്ങൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ മലയാള സിനിമകൾ ദുബായിൽ ചിത്രീകരിക്കാനൊരുങ്ങുന്നത് .
ലാൽജോസ് സംവിധാത്തിൽ മംമ്താ മോഹൻദാസിനെയും സൗബിൻ ഷാഹിറിനെയും നായികാ നായകന്മാരാക്കി ചെയ്യുന്ന ‘മ്യാവൂ’, നവാഗതനായ ജോണി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമായ മെയ്ഡ് ഇൻ കാരവൻ എന്ന ആൻസൺ പോൾ – അന്നു ആന്റണി എന്നീ ചിത്രം എന്നിവയാണ് ദുബായിൽ ഒടുവിൽ പൂർത്തീകരിച്ചത്. ഈ മാസം മൂന്ന് പുതിയ ചിത്രങ്ങളുടെ ചിത്രീകരണമാണ് ദുബായിൽ തുടങ്ങുന്നത്.
സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മുഹമ്മദ് ഒരുക്കുന്ന അനു സിതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ദുബായിൽ തുടങ്ങും. ലുക്കാച്ചുപ്പിക്ക് ശേഷം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ദുബായിൽ തുടങ്ങും. ഈ ചിത്രത്തിൽ സിദ്ദിഖ്, ലെന, ഗായത്രി അരുൺ, കുരുതി ഫെയിം സാഗർ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ വരുന്നുണ്ട്. അലി ഗ്രാറ്റോ പ്രൊഡക്ഷൻൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ശ്രീകുമാർ അറയ്ക്കലാണ്.
ഒക്ടോബർ രണ്ടാം വാരം ഇർഷാദിനെയും എം.എ. നിഷാദിനെയും നായകന്മാരാക്കി നവാഗതനായ സതീഷ് സംവിധാനം ചെയ്യുന്ന ‘ടു മെൻ എന്ന ചിത്രത്തിന്റെ’ ചിത്രീകരണവും ദുബായിൽ തുടങ്ങും. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് നിർമ്മിക്കുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് മുഹമ്മദ് വെമ്പായമാണ്
Post Your Comments