തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് 1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. പ്രശസ്ത നിര്‍മാതാവ് കെ ബാലജിയുടെ മകളാണ് സുചിത്ര. മോഹൻലാലിനോട് തോന്നിയ ആരാധനയാണ് ഒടുവിൽ സുചിത്രയുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. എന്നാൽ ആദ്യം വിവാഹം ആലോചിച്ചെങ്കിലും ഇരുവരുടെയും ജാതകം ചേരില്ലെന്ന് കണ്ടതോടെ വിവാഹം വേണ്ടെന്ന് ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറും സുചിത്ര അവരുടെ ബന്ധുക്കളുടെ കോഴിക്കോടുള്ള വീട്ടിലെത്തുകയും, അങ്ങനെ വീണ്ടും സുചിത്രയുടെ വിവാഹാലോചന മോഹന്‍ലാലിന് വരുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ഇരുവരുടെയും ജാതകം നോക്കിയതില്‍ തെറ്റ് പറ്റിയതാണെന്നും, മാത്രമല്ല കഴിഞ്ഞ രണ്ട് വര്‍ഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് മോഹൻലാൽ മനസ്സിലാക്കിയതോടെ വിവാഹം ഉടൻ നടക്കുകയായിരുന്നു. ഇപ്പോഴിതാ ആദ്യ വിവാഹ വാർഷിക ദിനം മറന്നു പോയതിനെ കുറിച്ച് മോഹൻലാൽ കൈരളി ടീവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു അനുഭവമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട താൻ പോകാൻ തുടങ്ങുമ്പോൾ യാത്രയാക്കാൻ സുചിത്രയും എത്തിയിരുന്നു. പിന്നീട് തന്നെ ഫോൺ ചെയ്ത് സുചിത്ര കൈയിലുള്ള ബാഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുറന്നു നോക്കിയ താൻ കാണുന്നത് ഒരു കുറിപ്പും കൂടെ ഒരു മോതിരവുമായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. അതിൽ ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വിവാഹവാർഷികമാണ് എന്നായിരുന്നു സുചിത്ര എഴുതിയിരുന്നത് എന്നും മോഹൻലാൽ പറയുന്നു. അത് വായിച്ചപ്പോൾ തനിക്ക് വലിയ വിഷമം തോന്നിയെന്നും, പിന്നീട് ഒരിക്കലും ആ ദിവസം താൻ മറന്നിട്ടില്ല എന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ വാക്കുകൾ:
‘ഞാൻ അന്ന് ദുബായിക്ക് പോകുകയാണ്. എന്റെ ഭാര്യ സുചിത്ര എന്നെ എയർപോർട്ടിൽ വിടാൻ ഒപ്പമുണ്ട്. അവിടെ എത്തി യാത്ര പറഞ്ഞു പിരിഞ്ഞു. പിന്നെ ഞാൻ ലോഞ്ചിൽ ഇരിക്കുന്ന സമയം സുചിത്രയുടെ കോൾ വന്നു. എന്നിട്ട് ആ ബാഗിന്റെ ഉള്ളിൽ ഞാൻ ഒരു കാര്യം വെച്ചിട്ടുണ്ട് ഒന്ന് നോക്കണം എന്ന്, അപ്പോൾ ഞാൻ ചോദിച്ചു എന്താണ്? അല്ല അത് നോക്കു എന്ന് പറഞ്ഞു. ഞാൻ തുറന്നു നോക്കിയപ്പോൾ അത് ഒരു പ്രസന്റ് ആണ്, ഒരു മോതിരം. മോതിരം എടുത്ത് നോക്കിയപ്പോൾ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കുക. ഇന്ന് നമ്മുടെ വെഡിങ് അണിവേഴ്സറി ആണ്’.
സത്യത്തിൽ എനിക്ക് വളരെ സങ്കടം തോന്നി. അതിൽ നിന്ന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളാണ് ഞാൻ എന്ന് തോന്നി. എനിക്ക് വളരെ അധികം സങ്കടം തോന്നി. കാരണം ഈ ദിവസം എങ്കിലും മറക്കാതിരിക്കുക എന്ന് പറഞ്ഞപ്പോൾ, ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ആണല്ലോ വലുതാകുന്നത്. പിന്നീട് ആ ദിവസങ്ങൾ ഞാൻ മറന്നിട്ടില്ല. എനിക്ക് അത് വലിയ തിരിച്ചറിവായിട്ട് മാറുകയായിരുന്നു. ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യുന്നതിനേക്കാളും അവർക്ക് ചെറിയ കാര്യങ്ങൾ ചെയ്യാതിരിക്കുമ്പോഴാണ് സങ്കടം വരുക. ഇതൊക്കെ കറക്ട് ആയി ചെയ്യുവാണെങ്കിൽ വലിയ പ്രശ്നങ്ങൾ നമുക്കിടയിൽ ഉണ്ടാവില്ല’. മോഹൻലാൽ പറഞ്ഞു.
Post Your Comments