തിയറ്ററുകള്‍ തുറക്കാൻ അനുവദിക്കാത്തതിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ
പ്രതിഷേധവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ പാന്‍ ഇന്ത്യന്‍ ചിത്രം തലൈവി സെപ്റ്റംബര്‍ 10 ന് റിലീസ് ചെയ്യാനിരിക്കെ തിയറ്ററുകൾ ഇനിയും തുറക്കാത്തതിലാണ് നടിയുടെ പ്രതിഷേധം. സംസ്ഥാനത്ത് ഹോട്ടലും ലോക്കല്‍ ട്രെയിനുമെല്ലാം തുറന്നു. തിയറ്റര്‍ തുറക്കാന്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് പ്രശ്‌നമെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘മഹാരാഷ്ട്രയില്‍ ഹോട്ടലുകളും, ഓഫീസുകളും, ലോക്കല്‍ ട്രെയിനുകളും എല്ലാം തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ കൊവിഡ് കാരണം അടച്ചിട്ടിരിക്കുന്നത് തിയറ്ററുകള്‍ മാത്രമാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിചാരം തിയറ്ററുകളിലൂടെ മാത്രമെ കൊവിഡ് പകരു എന്നാണെന്ന് തോന്നുന്നു.’ – കങ്കണ റണാവത്ത് കുറിച്ചു.
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. എം ജി ആറായി അരവിന്ദ് സ്വാമിയാണ് എത്തുന്നത്.
Post Your Comments