![](/movie/wp-content/uploads/2021/09/ibrahimkutty.jpg)
മലയാളത്തിന്റെ മെഗാസ്റ്റാർ മ്മൂട്ടിയ്ക്ക് ഇന്ന് എഴുപതു വയസ്സ് തികയുകയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് മമ്മൂട്ടിയ്ക്ക് ആശംസയുമായെത്തിയത്. ഇപ്പോഴിതാ നടനും സഹോദരനുമായ ഇബ്രാഹിം കുട്ടി മമ്മൂട്ടിയെ കുറിച്ച് പറയുകയാണ്. ഇച്ചാക്കയുടെ നിഴലായി മമ്മൂട്ടിയുടെ അനുജൻ എന്ന പേരിൽ അറിയപ്പെടാനാണ് എന്നും താല്പര്യം എന്ന് ഇബ്രാഹിം കുട്ടി പറയുന്നു. ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹമാണ് ഇച്ചാക്ക പറയുക എന്ന് ഇബ്രാഹിംകുട്ടി പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘അഞ്ച് വയസ്സുള്ളപ്പോൾ തന്നെ ബാപ്പ ഞങ്ങളെ സിനിമ കാണാൻ കൊണ്ടുപോകുമായിരുന്നു. മതപരമായ കാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുന്ന കുടുംബമാണെങ്കിൽ കൂടി ഉത്സവങ്ങൾക്കും സിനിമകൾക്കുമൊക്കെ ഞങ്ങൾ പോകും. സിനിമ അന്ന് മുതൽ തന്നെ ഞങ്ങളുടെ മനസിൽ ഉണ്ടായിരുന്നു. നായകന്റെ വീര സാഹസിക കൃത്യങ്ങളും അദ്ഭുതക്കാഴ്ചകളും ഞങ്ങളെ അന്നേ ആകർഷിച്ചിരുന്നു. കുതിരപ്പുറത്ത് വന്നു നായികയെ രക്ഷിക്കുന്ന നായകനായി ഒരു ദിവസം ഞാനും അഭിനയിക്കും എന്നൊക്കെ ഇച്ചാക്ക പറയുമായിരുന്നു.
അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നതാണ് എനിക്കിഷ്ടം. പ്രായത്തിന്റെ വ്യത്യാസമൊന്നും ഞങ്ങളെ ബാധിക്കാറില്ല, ഇപ്പോഴും എനിക്കൊരു അടി തന്നാൽ അത് ഞാൻ നിന്ന് കൊളളും, എന്തിനാണെന്ന് പോലും ചോദിക്കില്ല. ഞങ്ങൾ ഒരിക്കലും പ്രായത്തിന്റെ ബുദ്ധിമുട്ടോ രോഗവിവരങ്ങളോ ഒന്നും സംസാരിക്കാറില്ല. എപ്പോഴും സംസാരിക്കുന്നത് പുതിയ കാര്യങ്ങൾ ആയിരിക്കും.
ജന്മദിനത്തിനും പ്രത്യേകിച്ച് ഫോർമാലിറ്റി ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല. ഞാൻ ചെന്ന്, ഹാപ്പി ബർത്ത്ഡേ എന്ന് പറഞ്ഞാൽ ഓ ആയിക്കോട്ടെ ഇരിക്കട്ടെ എന്ന് പറയും. ഞങ്ങൾക്ക് എന്തും തുറന്നു പറയാം, എല്ലാ കാര്യത്തിനും കൂടെയുണ്ട്, ഇച്ചാക്ക ആണെങ്കിലും ചേട്ടത്തി ആണെങ്കിലും ഞങ്ങൾക്ക് ഒരു രക്ഷാകവചമായി എപ്പോഴും ഉണ്ട്. പല സഹോദരബന്ധങ്ങളും കാണുമ്പോൾ ഞങ്ങൾ ഭാഗ്യവാന്മാരാണ് എന്ന് തോന്നാറുണ്ട്. അത് എന്നെന്നും അങ്ങനെ വേണം എന്ന പ്രാർഥന മാത്രമേ ഉള്ളൂ.’–ഇബ്രാഹിം കുട്ടി പറഞ്ഞു.
Post Your Comments