GeneralLatest NewsMollywoodNEWSSocial Media

എനിക്ക് തെറ്റുപറ്റിയതാണ്: ആരാധകനോട് തുറന്ന് സമ്മതിച്ച് വിനയൻ

വിനയൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ തെറ്റ് തിരുത്തി കൊടുത്ത് ആരാധകൻ

കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയൻ താൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം രാക്ഷസ രാജാവ് എന്ന സിനിമയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിൽ ആ സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ചും വിനയൻ ഓർമ്മ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഈ കുറിപ്പിലെ ഒരു തെറ്റ് ചൂണ്ടി കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു ആരാധകൻ. രാക്ഷസ രാജാവിലെ ഗാനങ്ങളുടെ രചന നിർവഹിച്ചത് യുസഫ് അലി ആണ് എന്നായിരുന്നു വിനയൻ ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ആരാധകൻ വിനയനോട് എസ് രമേശൻ നായർ അല്ലെ ആ സിനിമയ്ക്ക് ഗാനങ്ങൾ എഴുതിയത് എന്നും താങ്കൾക്ക് തെറ്റ് പറ്റിയതാണെങ്കിൽ ദയവായി തിരുത്തുക എന്നും കമന്റ് ചെയ്യുകയായിരുന്നു.

ഇതിനു മറുപടിയായി വിനയനും കമന്റ് ചെയ്യുകയായിരുന്നു. ശരിയാണ് തനിക്ക് തെറ്റ് പറ്റിയതാണെന്നും രമേശൻ ചേട്ടനായിരുന്നു രാക്ഷസരാജാവിലെ മറ്റു ഗാനങ്ങൾ എഴുതിയത് എന്നും വിനയൻ സമ്മതിക്കുകയുമായിരുന്നു.

ആരാധകൻ കുറിച്ച കമൻ്റ് ഇങ്ങനെയാണ്. ‘ഹായ് ഈ പോസ്റ്റിൽ ഒരു തെറ്റുകണ്ടു അതിന്റെ സത്യാവസ്ഥ അറിയുന്നതിന് വേണ്ടി മാത്രം, പോസ്റ്റിൽ പറഞ്ഞത് പോലെ മറ്റ് ഗാനങ്ങളുടെ രചന നിർവഹിച്ചത് യുസഫ് അലി സാർ ആണെങ്കിൽ എന്ത് കൊണ്ടാണ് എസ് രമേശൻ നായർ സാറിന്റെ പേര് ക്രെഡിറ്റ് ചെയ്തിരിക്കുന്നത്, ഇവിടെ ആർക്കാണ് തെറ്റുപറ്റിയിരിക്കുന്നത് ??? താങ്കൾക്കാണെങ്കിൽ തെറ്റ് തിരുത്തുവാൻ അപേക്ഷിക്കുന്നു’ .

വിനയന്റെ മറുപടി: സിജോയ് കല്ലായി എന്ന ആരാധകൻ്റെ പേര് മെൻഷൻ ചെയ്തുകൊണ്ടാണ് വിനയൻ റിപ്ലേ കുറിച്ചത്. ‘താങ്കൾ പറഞ്ഞതു ശരിയാണ്, ദാദാസാഹിബ് ആയിരുന്നു യൂസഫലിക്ക എഴുതിയത്, രമേശൻ ചേട്ടനായിരുന്നു രാക്ഷസരാജാവിലെ മറ്റു ഗാനങ്ങൾ എഴുതിയത്..തെറ്റു പറ്റിയതാണ്’, എന്നായിരുന്നു വിനയൻ എഴുതിയത്.

വിനയൻ പങ്കുവെച്ച കുറിപ്പ്:

രാക്ഷസ രാജാവ് റിലീസ് ആയിട്ട് ഇന്ന് 20 വർഷം തികയുകയാണ്. അഭിനയകലയുടെ അഗ്രജനായ ശ്രീ മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു പൊലീസ് മുഖം പ്രേക്ഷകനു ലഭിച്ച ചിത്രമായിരുന്നു രാക്ഷസ രാജാവ്. തികച്ചും കൈക്കൂലിക്കാരനായ ഒരു പൊലീസ് കമ്മീഷണർ ആയിരുന്നു രാമനാഥൻ IPS.എന്നാൽ അയാൾ അഴിമതിക്കാരനോ അനീതിക്കു കൂട്ടു നിൽക്കുന്നവനോ അല്ല. തല്ലാനും കൊല്ലാനും മടിയുള്ളവനല്ല രാനാഥൻ. പക്ഷേ മനസ്സിൽ ആദ്രതയുള്ളവനും സഹാനുഭൂതി ഉള്ളവനും ആണ്. നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയിൽ സന്നിവേശിപ്പിച്ച കഥാപാത്രം. ആ പരീക്ഷണ കഥാപാത്രത്തിൽ മമ്മൂട്ടി നിറഞ്ഞാടി കൈയ്യടി നേടി. മമ്മൂക്കയുടെ കഥാപാത്രത്തിൽ മാത്രമായിരുന്നില്ല പുതുമ. കലാഭവൻ മണി ആദ്യമായി വില്ലൻ വേഷത്തിലെത്തിയ മന്ത്രി ഗുണശേഖരനും പ്രേക്ഷക പ്രശംസ നേടി. ദിലീപിന്‍റെ അപ്പുവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

2000 ഡിസംബറിലായിരുന്നു ‘ദാദാസാഹിബ്’ റിലീസ് ചെയ്തത്. അത് തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെ 2001 ഫെബ്രുവരിയിൽ കരുമാടിക്കുട്ടന്‍റെ റീ റെക്കോഡിംഗ് ചെന്നൈയിൽ നടക്കുമ്പോളാണ് പെട്ടെന്നു തന്നെ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി ചെയ്യണമെന്നുള്ള ആലോചന വന്നത്. മമ്മൂക്ക തന്നെയായിരുന്നു ആ നിർദ്ദേശം വച്ചത്. കരുമാടിക്കുട്ടൻ കഴിഞ്ഞ ഉടനെ തുടങ്ങാനിരുന്ന തമിഴ് ചിത്രം ‘കാശി’ (വാസന്തിയും ലക്ഷ്‍മിയുടെയും തമിഴ് പതിപ്പ്) മാറ്റിവച്ചിട്ടാണ് മമ്മൂട്ടിച്ചിത്രം തുടങ്ങാമെന്നേറ്റത്. കൈയ്യിൽ കഥയൊന്നും ഇല്ലായിരുന്നു. വിനയനൊന്നു ശ്രമിക്കൂ, നടക്കും എന്ന മമ്മൂക്കയുടെ പ്രചോദനമാണ് ഒരാഴ്ച കൊണ്ടൊരു കഥയുണ്ടാക്കി, രണ്ടാഴ്ച കൊണ്ട് അതിന്‍റെ തിരക്കഥ എഴുതി ഷൂട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞത്. അന്നത്തെ കാലത്ത് ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്ന ആലുവ കൊലക്കേസിന്‍റെ വാർത്തകളാണ് ആ കഥയ്‍ക്ക് ഉപോൽബലകമായത്. ആ കേസിലെ പ്രതിയായ ആന്‍റണിയോട് സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്നവതരിപ്പിച്ചത് ഇന്ദ്രൻസാണ്. ആ സിനിമയ്ക്കായി ഞാനെഴുതിയ ഒരു ഗാനവും അന്നു ശ്രദ്ധ നേടി. സ്യപ്‍നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിക്കും, ദു:ഖം മറന്നാൽ ശാന്തി ലഭിക്കും എന്നു തുടങ്ങുന്ന ഗാനം. ബാക്കി മൂന്നു ഗാനങ്ങളും അന്തരിച്ച ആരാധ്യനായ യൂസഫലി കേച്ചേരിയാണ് എഴുതിയത്. സംഗീതം മോഹൻ സിതാരയും ക്യാമറ സഞ്ജീവ് ശങ്കറും ചെയ്തു. ജി മുരളി ആയിരുന്നു എഡിറ്റിംഗ്.

സർഗ്ഗം കബീർ നിർമ്മിച്ച രാക്ഷസരാജാവിന്‍റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഒരു ഇടവേളയിലായിരുന്നു ഒരു പുതിയ ചെറുപ്പക്കാരനെ കൊണ്ടുവന്ന് അടുത്ത സിനിമയ്ക്കായി ഫോട്ടോഷൂട്ട് നടത്തിയത്. പൊലീസ് കമ്മീഷണറായി മേക്കപ്പിട്ടു വന്ന മമ്മൂക്കയ്ക്ക് ഞാൻ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. അതായിരുന്നു എന്‍റെ അടുത്ത ചിത്രമായ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനി’ൽ നായകനായി വന്ന ജയസുര്യ. ഇന്നു പിറന്നാളാഘോഷിക്കുന്ന ജയസൂര്യയ്ക്ക് ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ കൂടി നേരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button