
തെന്നിന്ത്യൻ സിനിമയിലെ സുപരിചിത മുഖമാണ് ജോൺ കോക്കൻ. ജൂനിയർ ആർട്ടിസ്റ്റായി എത്തിയ നടൻ കൂടുതലും വില്ലൻ വേഷങ്ങളിലാണ് എത്തിയിട്ടുള്ളത്. അടുത്തിടയിൽ പുറത്തിറങ്ങിയ ആര്യ നായകനായെത്തിയ തമിഴ് ചിത്രം സാർപട്ടെ പരമ്പരൈയിലൂടെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്ത ജോൺ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ ബാഹുബലി സിനിമയിലെ തന്റെ ചെറിയൊരു കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കാലകേയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടത്തിലെ ഒരാളായി നിൽക്കുന്നതിൽ താനുമുണ്ട് എന്ന് പറയുകയാണ് ജോൺ കൊക്കെൻ. അന്ന് തന്റെ പേര് പോലും ആർക്കും അറിയില്ലായിരുന്നുവെന്ന് ജോൺ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘വളരെ ചെറിയൊരു വേഷമായിരുന്നു എന്റേത്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആർക്കും അറിയില്ല. ഒരിക്കൽ ഞാനും മുൻനിര താരങ്ങളുെട ഒപ്പമെത്തി എന്റെ പേരും എല്ലാവരും അറിയുമെന്ന് അന്ന് സ്വയം പറയാറുണ്ടായിരുന്നു. സാർപട്ടൈ പരമ്പരൈയിലൂടെ ആ ദിവസമെത്തി.’
‘ഇന്ന് ഏറെ അഭിമാനത്തോടെയാണ് ഞാൻ ഈ ചിത്രം പങ്കുവയ്ക്കുന്നത്. അജിത് സർ പറഞ്ഞ കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നാൽ നിന്നിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തരുത്. സമയത്തിനു വേണ്ടി കാത്തിരിക്കുക. നിന്റെ കഴിവ് തിരിച്ചറിയുന്ന സമയം വന്നെത്തും’, ബാഹുബലിയിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ച് ജോണ്‍ കുറിച്ചു.
https://www.instagram.com/p/CTKeQeoJa61/?utm_source=ig_web_copy_link
ആര്യ നായകനായി എത്തിയ സാർപട്ടെ പരമ്പരൈയിൽ വെമ്പുലി എന്ന വില്ലൻ കഥാപാത്രത്തെയാണ് ജോൺ അവതരിപ്പിച്ചത്. 2007 മുതൽ സിനിമാലോകത്തുള്ളയാളാണ് ജോൺ കൊക്കൻ. കളഭം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തുന്നത്.
Post Your Comments