ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ വിയോഗം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ഈ കഴിഞ്ഞ മാസം 27 നായിരുന്നു നൗഷാദിന്റെ മരണം. അതിനു രണ്ടാഴ്ച മുന്പ് നൗഷാദിന്റെ ഭാര്യയും മരിച്ചിരുന്നു. ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ ബ്ലെസി നൗഷാദിന്റെ വിയോഗത്തിൽ ദുഃഖം അറിയിച്ച് എത്തിയിരിക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നൗഷാദുമായുള്ള സൗഹൃദത്തെ കുറിച്ച് ബ്ലെസി മനസ് തുറന്നത്.
നൗഷാദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വൻതുക ചിലവായെന്നും. അവർ താമസിക്കുന്ന വീട് പോലും പണയത്തിലാണ് എന്ന് ബ്ലെസി പറയുന്നു. ഒറ്റയ്ക്കായി പോയ നൗഷാദിന്റെ ഏക മകൾ നഷ്വയെ സുരക്ഷിതയാക്കുകയാണ് ഇനിം ഞങ്ങൾ സുഹൃത്തുക്കളുടെ ലക്ഷ്യം എന്ന് ബ്ലെസി പറയുന്നു.
ബ്ലെസിയുടെ വാക്കുകൾ:
ഒന്നര വർഷത്തിന് മുൻപ് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നൗഷാദ് വിധേയനായിരുന്നു. ആ ഓപ്പറേഷന്റെ ഭാഗമായി അവന്റെ കാലിൽ രക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അതേ രീതിയിലാണ് സംവിധായകൻ സച്ചിക്ക് ഇടുപ്പ് മാറ്റി വച്ചത്തിനു ശേഷം രക്തം കട്ടപിടിച്ചത്. സച്ചിക്ക് തലയിൽ ആയിരുന്നു ക്ലോട്ട്. നൗഷാദ് എന്നോട് പറഞ്ഞത് കാലിൽ ആയതുകൊണ്ട് ഞാൻ രക്ഷപെട്ടു എന്നാണ്. പക്ഷേ, പിന്നീട് കാലിലോട്ടുള്ള രക്തയോട്ടം കുറഞ്ഞ് കിടപ്പായി.
രണ്ടുമാസം ചികിത്സയ്ക്ക് ശേഷം നടക്കാൻ കഴിഞ്ഞെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തില്ല. അതിന്റെ തുടർ ചികിത്സക്ക് വീണ്ടും ആശുപത്രിയിലായി. അതിനു ശേഷം പതിയെ സുഖപ്പെട്ട നൗഷാദ് ബിസിനസ്സ് പുനരാരംഭിക്കണം എന്നും മറ്റു പലതും ചെയ്യണം എന്നും പറഞ്ഞിരുന്നു. അതിനെല്ലാം ഞാൻ പിന്തുണ കൊടുത്തു. പക്ഷേ വളരെപ്പെട്ടെന്ന് തന്നെ കാലിലെ വേദന കൂടിട്ട് വീണ്ടും ആശുപത്രിയിലായി. ഇൻഫെക്ഷൻ കാലിൽ നിന്നും രക്തത്തിൽ കലർന്ന് മറ്റു പല അവയവങ്ങളെയും ബാധിച്ചു. പതിയെ അവന്റെ അവസ്ഥ മെച്ചപ്പെട്ടു വന്നപ്പോഴാണ് ഭാര്യയുടെ മരണം. അവരുടെ ഖബറടക്കാൻ പോകുന്ന വഴി ഐസിയുവിൽ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളിൽ കൊണ്ടുവന്ന് ഭാര്യയുടെ ഭൗതിക ശരീരം കാണിച്ചിരുന്നു. അവൻ പ്രാർത്ഥനയോടെ ഭാര്യ ഷീബയെ യാത്രയാക്കി. ക്രമേണ അവസ്ഥ മോശമായി അവന്റെ ജീവനും നമുക്ക് നഷ്ടമായി.
അനവധി വർഷങ്ങൾ കാത്തിരുന്ന് ഒരുപാട് ചികിത്സകൾക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്വ എന്ന പെൺകുഞ്ഞ് ഉണ്ടായത്. ഒരുവർഷത്തോളം ഷീബ ബെഡ്റെസ്റ്റിൽ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോൾ അനാഥമായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് അവനുള്ളത്. താമസിക്കുന്ന വീട് പോലും മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വൻ തുകയാണ് ചെലവായി. കുട്ടിക്ക് താമസിക്കാൻ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളുടെ ലക്ഷ്യം.
Post Your Comments