ജയ്പൂർ: ലോകമൊട്ടാകെ ആരാധകരുള്ള വെബ്സീരിസ് മണി ഹെയ്സ്റ്റിന്റെ റിലീസ് ദിനത്തിൽ ജീവനക്കാർക്ക് മുഴുവൻ അവധി പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനി. ജയ്പൂർ ആസ്ഥാനമായ വെർവ ലോജിക് എന്ന സോഫ്റ്റവെയർ കമ്പനിയാണ് സ്പാനിഷ് ക്രൈം ഡ്രാമ ടെലിവിഷൻ സീരീസിന്റെ റിലീസ് ദിനത്തിൽ അവധി നൽകിയിരിക്കുന്നത്. സമഭാവം പുറത്തറിഞ്ഞതോടെ നെറ്റ്ഫ്ലിക്സ് ഉൾപ്പടെ കമ്പനിക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.
നാല് സീസണുകൾ ഇതിനകം പൂർത്തിയാക്കിയ സിരീസിന്റെ അഞ്ചാമത്തേയും അവസാനത്തേയുമായ സീസണിന്റെ ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണ് റിലീസ് ചെയ്യുക. ബാങ്ക് ഓഫ് സ്പെയിന് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് സീസണ് 4 അവസാനിക്കുന്നത്. അതിന്റെ തുടര്‍ച്ച എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ആദ്യം ഒരുക്കിയത്. ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ് 13 എപ്പിസോഡായും രണ്ടാമത്തെ സീസണ് ഒമ്പത് എപ്പിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
മൂന്നാമത്തെ സീസണ് എട്ട് എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി സംപ്രേക്ഷണം ചെയ്തു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്തു. അവസാന സീസണാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.
Post Your Comments