സിനിമയിലെ ‘സ്റ്റാര്‍ഡം’ തന്നെ ഒരിക്കലും ഭരിച്ചിട്ടില്ലെന്നും, ഇമേജ് നോക്കാതെ അഭിനയിച്ചത് കൊണ്ട് നിരവധി വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ സാധിച്ചുവെന്നും തുറന്നു പറയുകയാണ് നടി ഉര്‍വശി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് സൂപ്പര്‍ താര ചിന്തയോടുള്ള തന്റെ സമീപനം എന്തെന്ന് ഉര്‍വശി വ്യക്തമാക്കിയത്.
ഉര്‍വശിയുടെ വാക്കുകള്‍
‘സിനിമയില്‍ സ്വയം ശ്രമങ്ങള്‍ നടത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. മറ്റു ആരെങ്കിലും പ്രമോട്ട് ചെയ്തു കൊണ്ട് വന്നു എന്നുള്ളത് അല്ലാതെ ഉര്‍വശി ഉര്‍വശിയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള സമയത്തും ഞാന്‍ ഒരു താരമാണ് എന്ന ചിന്ത എന്നെ ഭരിച്ചിട്ടില്ല. അങ്ങനെ ആയിരുന്നേല്‍ ഞാന്‍ എന്റെ ഇമേജില്‍ വല്ലാതെ അകപ്പെട്ടു പോയേനെ. സൂപ്പര്‍ താരങ്ങളുടെ നായികയായും, അല്ലാതെയുള്ള നടന്മാരുടെ നായികയായും എനിക്ക് അഭിനയിക്കാന്‍ കഴിയുന്നതും അത് കൊണ്ടാണ്. സ്റ്റാര്‍ഡം എന്നത് മറ്റൊരു റൂട്ടാണ്, ഞാനതില്‍ ഭ്രമിച്ചു പോയിട്ടില്ല. എനിക്ക് വേണ്ടുന്നത് നല്ല സിനിമകളും കഥാപാത്രങ്ങളുമാണ്. നായിക എന്ന നിലയില്‍ ഇന്നത് മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നേല്‍ എന്റെ കരിയറില്‍ പറയപ്പെടാനായി കഥാപാത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. ഉര്‍വശി പറയുന്നു.
Post Your Comments