ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് തെങ്കാശിപ്പട്ടണം. ഇപ്പോഴിതാ ഈ സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരുന്നതായി പറയുകയാണ് നടി മന്യ നായിഡു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തനിക്ക് നഷ്‌ടമായ സിനിമയെ കുറിച്ച് നടി വാചാലയായത്. ഡേറ്റിന്റെ പ്രശ്‌നവും മറ്റും കാരണമാണ് തനിക്ക് ആ സിനിമ ചെയ്യാൻ കഴിയാണത് എന്ന് താരം പറയുന്നു.
‘ഡേറ്റിന്റെ പ്രശ്‌നവും മറ്റും കാരണം ആ സിനിമ കൈയ്യില്‍ നിന്ന് പോയി. പിന്നീട് ‘അയ്യോ’ എന്ന് തോന്നിയ സിനിമകളില്‍ ഒന്നാണ് തെങ്കാശിപ്പട്ടണം. അതുപോലെ തെലുങ്കില്‍ ചില നല്ല സിനിമകളും കൈവിട്ടു പോയിട്ടുണ്ട്’- മന്യ പറഞ്ഞു.
സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യാ മാധവൻ എന്ന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഇതിൽ ഏത് കഥാപാത്രത്തിലേക്കാണ് തന്നെ വിളിച്ചത് എന്ന് മന്യ വെളിപ്പെടുത്തിയില്ല.
കിഴക്ക് വരും പാട്ട് എന്ന 1992ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് നടി മന്യ. ലോഹിതദാസ് ദിലീപിനെ നായകനാക്കി ഒരുക്കി 2000 ത്തിൽ പുറത്തിറങ്ങിയ ജോക്കർ എന്ന സിനിമയിലാണ് മന്യ ആദ്യമായി നായികയാകുന്നത്.
തുടർന്ന് വൺ മാൻ ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനൻ, അപരിചിതൻ എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ മന്യ അഭിനയിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്. മികച്ച വേഷങ്ങൾ ചെയ്ത് മലയാളത്തിൽ തിളങ്ങിയ മന്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
Post Your Comments