ഇന്ദ്രൻസ് എന്ന അതുല്യ അഭിനേതാവ് തൻ്റെ തുടക്കകാലത്ത് കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളിൽ തിളങ്ങിയ താരമാണ്. തന്നിലെ നല്ല നടനെ ഒളിപ്പിച്ചു നിർത്തി നിരവധി സിനിമകൾ ചെയ്ത ഇന്ദ്രൻസിന് ഇപ്പോൾ നിരവധി സിനിമകളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു. അടുത്തിടയിൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രയമാണ് ഇന്ദ്രൻസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെ പോലെ തന്നെ ജീവിതത്തിലും തനിക്ക് സ്മാർട്ട്ഫോൺ ശരിയായി ഉപയോഗിക്കാൻ അറിയില്ല എന്ന് പറയുകയാണ് ഇന്ദ്രൻസ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
തന്റെ കൈയിലുള്ളത് വിളിക്കാൻ മാത്രം കഴിയുന്ന സാധാരണ ഫോണാണെന്നും. ഒരുപാട് തവണ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ ഉപേക്ഷിക്കുകയും ചെയ്‌തെന്ന് ഇന്ദ്രൻസ് പറയുന്നു. മകനും മരുമകനും മകളുമെല്ലാം സഹായിക്കാറുണ്ട് എന്നും, പിന്നെ തനിക്ക് വലിയ താല്പര്യമില്ലാത്തതിനാലാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തതെന്നും ഇന്ദ്രൻസ് പറഞ്ഞു.
ഇന്ദ്രൻസിന്റെ വാക്കുകൾ:
‘കീപാഡുള്ള പഴഞ്ചൻ ഫോണുപയോഗിക്കുന്ന ഒലിവർ ട്വിസ്റ്റ് എന്ന മധ്യവയസ്കൻ സ്മാർട്ട്‌ഫോൺ സ്വന്തമാക്കുന്നതും അതേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണല്ലോ ‘ഹോം’ സിനിമയിൽ പറയുന്നത്. എന്റെ കൈയിലുമുള്ളത് പഴയ മട്ടിലുള്ള കീപാഡ് ഫോണാണ്. സാംസങ്ങിന്റെ B350E എന്ന മോഡൽ. മൂവായിരം രൂപയ്ക്കടുത്തേ വിലയുള്ളൂ. ഒലിവറിനെപ്പോലെ സ്മാർട്ട്‌ഫോൺ മുതലാളിയാകാൻ ഞാനും ഒന്നുരണ്ടുതവണ ശ്രമിച്ചിരുന്നു. പക്ഷേ, നടന്നില്ല. മകനും മരുമകനും ചേർന്ന് പലവട്ടം സ്മാർട്ട്‌ഫോൺ ഉപയോഗം പഠിപ്പിക്കാൻ നോക്കിയെങ്കിലും എന്റെ തലയിൽ അതൊന്നും കയറിയില്ല. ഓരോതവണ ഫോണെടുക്കുമ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടാകും. പിന്നെ അത് തീർക്കാൻ മക്കളുടെ സഹായം തേടണം. കുറെക്കഴിഞ്ഞപ്പോൾ മടുത്തു. പഴയമട്ടിലുള്ള ഫോണിലേക്കുതന്നെ മാറി. ആളുകളെ വിളിച്ച് സംസാരിക്കാനല്ലാതെ മെസേജ് അയയ്ക്കാൻപോലും ഫോണിന്റെ സഹായം തേടാറില്ല. പിന്നെന്തിനാണെനിക്ക് പതിനായിരങ്ങൾ വിലയുള്ള സ്മാർട്ട്‌ഫോൺ? ‘ഹോം’ സിനിമ അവസാനിക്കുമ്പോൾ ഒലിവർ ട്വിസ്റ്റ് സ്മാർട്ടാകുന്നുണ്ട്. എന്നാൽ, ഇന്ദ്രൻസ് ഇന്ദ്രൻസായിത്തന്നെ തുടരും’.
Post Your Comments