ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് മഞ്ജുവാണി. ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് അധികം സിനിമകൾ മഞ്ജുവാണി ചെയ്തിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. ന്യൂസ് 18 നോടാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ആക്ഷൻ ഹീറോ ബിജുവിൽ ഒരേ സമയം ഓട്ടോക്കാരന്റെ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ ‘ഉഡായിപ്പ് കാമുകിയുടെ’ വേഷമായിരുന്നു മഞ്ജുവാണി അവതരിപ്പിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടെങ്കിലും മറ്റൊരു തരത്തിൽ തന്നെ ബാധിച്ചുവെന്ന് നടി പറയുന്നു. പിന്നീട് വരുന്ന സിനിമകളിൽ എല്ലാം അത്തരം ഉടായിപ്പ് കാമുകിമാരുടെ വേഷങ്ങളാണ് വന്നിരുന്നതെന്ന് മഞ്ജുവാണി പറയുന്നു. ഇതിനെ തുടർന്ന് 55ഓളം സിനിമകൾ വേണ്ടെന്നു വെച്ചെന്നും നടി പറയുന്നു. ജോലിയും മറ്റൊരു വരുമാനമുള്ളതുകൊണ്ടും മഞ്ജു ധൈര്യമായി ഈ സിനിമകൾ എല്ലാം തള്ളിക്കളയുകയായിരുന്നു. എന്നാൽ അഭിനയം ഉപജീവനമാർഗമാക്കിയ എല്ലാവരുടെയും സ്ഥിതി അങ്ങനെയല്ല എന്നും മഞ്ജുവാണി കൂട്ടിച്ചേർത്തു.
നേരത്തെ നടി ചിത്രയുടെ നിര്യാണത്തെത്തുടർന്ന് അവർ അവതരിപ്പിച്ച ചില വേഷങ്ങളെക്കുറിച്ചു നടന്ന ചർച്ചയുമായി ബന്ധപ്പെട്ട് മഞ്ജു ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. സിനിമയിലെ ടൈപ്പ് കാസ്റ്റിങ്ങിനേക്കുറിച്ചായിരുന്നു നടി ചൂണ്ടിക്കാണിച്ചത്.
മഞ്ജുവാണിയുടെ വാക്കുകൾ:
‘സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകൾ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റർ അഭിനയിച്ച് ഫലിപ്പിച്ചാൽ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റർ പോലെയോ അല്ലെങ്കിൽ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച് ചിന്തിക്കുന്ന സംവിധായകർ വളരെ ചുരുക്കം പേർ മാത്രം. എന്ത് കൊണ്ടങ്ങനെ ?
ആക്ഷൻ ഹീറോ ബിജുവിനു ശേഷം ഞാൻ മറ്റ് രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്റ്റേർസുമായിരുന്നു. എന്നാൽ AHBയിൽ ഞാൻ ചെയ്ത ഉഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവൾ ) എന്ന ആ ക്യാരക്റ്റർ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.
ഗസ്റ്റ് റോൾ ആണെങ്കിൽപ്പോലും ആന അലറോടലറൽ എന്ന സിനിമയിൽ വ്യത്യസ്തമായ ഒരു ക്യാരക്റ്റർ തന്ന ദിലീപ് മേനോൻ, AHB ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത് എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാൽ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോൾ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്’ മഞ്ജുവാണി കുറിച്ചു.
Post Your Comments