മലയാളികൾക്ക് ഏറെ പരിചിതയായ ട്രാൻസ് വനിതയാണ് രഞ്ജു രഞ്ജിമാര്‍. മേക്കപ് ആർട്ടിസ്റ്റുകൂടിയായ രഞ്ജു രഞ്ജിമാര്‍ താൻ മകളായി തെരഞ്ഞെടുത്ത അനന്യയെക്കുറിച്ചു തുറന്നു പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം ട്രാന്‍സ് യുവതി അനന്യ നാളുകൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനന്യയെ മകളായി സ്വീകരിച്ചതും അവളുടെ ശാരീരിക പ്രശ്നങ്ങളെയും കുറിച്ച് രഞ്ജു രഞ്ജിമാര്‍ പങ്കുവയ്ക്കുന്നു.
ദ്വയ എന്ന പരിപാടിയിലൂടെ പരിചയപ്പെടുകയും മകളായി മാറുകയും ചെയ്ത അനന്യയെക്കുറിച്ചു രഞ്ജു രഞ്ജിമാർ അഭിമുഖത്തിൽ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങൾ..
‘എന്റെ മകളാണ് അനന്യ. ജന്മം കൊണ്ടല്ല, ഹൃദയം കൊണ്ട്. ഞാനാ വേദന കണ്ണീരിലൊതുക്കാന്‍ പാടുപെടുകയാണ്. വിഷമം സഹിക്കാനാകാതെയാണ് അവളുടെ പങ്കാളി ജിജുവും ജീവനൊടുക്കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടന്നത്. അതിനു ശേഷം 41 ദിവസങ്ങള്‍ കഴിഞ്ഞ് സ്ത്രീയായി മാറിയതിന്റെ ആഘോഷം നടത്താറുണ്ട്. ജല്‍സ എന്നാണ് ആ ചടങ്ങിന്റെ പേര്. അന്ന് അവളെ മണവാട്ടിയെപ്പോലെ ഒരുക്കി പ്രത്യേക തരം താലിമാല ഉണ്ടാക്കി കഴുത്തില്‍ കെട്ടിക്കൊടുക്കും. ലച്ച എന്നാണ് അതിന്റെ പേര്. അവര്‍ അമ്മയുടെ സ്ഥാനം തരുന്നവരാണ് ‘ലച്ച’ കെട്ടിക്കൊടുക്കുന്നത്. പിന്നീട് അവളുടെ അമ്മ എന്ന നിലയിലുള്ള കടമകള്‍ എല്ലാം നിര്‍വഹിക്കുന്നത് ലച്ച കെട്ടിക്കൊടുക്കുന്ന വ്യക്തിയാണ്. താനാണ് അനന്യക്ക് ലച്ച കെട്ടിക്കൊടുത്തത്. ട്രാന്സ്വുമണ് മരിച്ചാല്‍ ജല്‍സ ദിവസം അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും അവളുടെ കുഴിമാടത്തില്‍ ഉപേക്ഷിക്കണം. അതും ചെയ്യേണ്ടത് ഇതേ അമ്മയാണ്.’
read also: കടന്നു പോയ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്തത്, വിശ്വസിച്ച് ഒപ്പം നിന്നവർക്ക് നന്ദി : ആര്യ
‘ഒരമ്മയും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. പക്ഷേ, തനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു. എട്ടൊന്‍പതു വര്‍ഷം മുന്‍പ്, ഞാന്‍ കോഴിക്കോട് ഒരു ബ്യൂട്ടി പേജന്റിന് പോകുമ്ബോള്‍ അവിടെ മത്സരാര്‍ഥിയായി വന്ന വ്യക്തിയാണ് അനന്യ. പിന്നീട് എറണാകുളത്ത് വെച്ച് വീണ്ടും കാണുകയായിരുന്നു. ഒരിക്കല്‍ ദീപ്തിയെ വനിതയുടെ മുഖചിത്രമായി ഷൂട്ട് ചെയ്യാനായി മേക്കപ്പ് ചെയ്തിരുന്നത് താനായിരുന്നു. അന്ന് ദീപ്തിയ്ക്കൊപ്പം അനന്യയുമെത്തിയിരുന്നു. 2017 ല്‍ താനാരംഭിച്ച ‘ദ്വയ’ എന്ന സംഘടനയുടെ ബ്യൂട്ടി പേജന്റില്‍ മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് ആ ബന്ധം വളര്‍ന്നതും തന്നെ അമ്മയായി സ്വീകരിക്കുന്നത് വരെ എത്തിയതും.’
‘അനന്യയുടെ സര്‍ജറി കഴിഞ്ഞ് എന്റെ വീട്ടിലേക്കാണ് അവള് വന്നത്. അന്നു രാത്രി തന്നെ ഛര്‍ദി തുടങ്ങി. എക്കിളും കൂടുതലായുണ്ടായിരുന്നു. തന്റെ സര്‍ജറി നടന്നത് 2020 മേയ് പതിനേഴിനായിരുന്നു, അനന്യയുടേത് ജൂണ്‍ പതിനാലിനായിരുന്നു. അതിനാല്‍ തന്നെ താനും വിശ്രമത്തില്‍ കഴിയുകയായിരുന്നു. അപ്പോള്‍ തന്നെ റീ സര്‍ജറി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവളുടെ വയര്‍ ഇരുവശത്തും തുളച്ച് അതിലൂടെ ട്യൂബ് ഇടേണ്ടി വന്നതോടെ അതിന് പല സങ്കീര്‍ണതകളും ഉണ്ടായി. പത്തിരുപത് ദിവസത്തോളം അഡ്മിറ്റാകേണ്ടി വന്നു. ഡിസ്ചാര്‍ജ് ആയ ശേഷവും വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാല്‍ പിന്നീടാണ് വജൈനയുടെ ഭാഗത്തെ ചില പ്രശ്നങ്ങള്‍ ശ്രദ്ധിച്ചത്. ഒരു സര്‍ജറി കൂടി ചെയ്താല്‍ ശരിയാകും എന്നാണ് വിദഗ്ധര്‍ ഉപദേശിച്ചത്. എന്നാല്‍ വീണ്ടും അതേ ഡോക്ടറെ കൊണ്ട് സര്‍ജറി ചെയ്യിക്കുക എന്നത് അവള്‍ക്ക് പേടിയായിരുന്നു. അതിനാല്‍ തന്നെ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ റീ സര്‍ജറി ചെയ്യാനായിരുന്നു അവള് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചികിത്സയുടെ ഫയലുകളും കിട്ടിയില്ല. എന്റെ മകളുടെ മനസ്സിന് ഒരു തീരുമാനം വരും വരെ പിടിച്ചു നില്‍ക്കാനുള്ള ശക്തിയും ഇല്ലായിരുന്നു, പാവം.’. രഞ്ജു രഞ്ജിമാർ പറഞ്ഞു.
Post Your Comments