ചെന്നൈ: നടൻ ആര്യ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന ശ്രീലങ്കൻ യുവതിയുടെ പരാതിയിൽ വഴിത്തിരിവ്. ആര്യയുടെ പേരിൽ മറ്റു രണ്ടുപേരാണ് യുവതിയുടെ പക്കൽ നിന്നും പണം തട്ടിയെടുത്തതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിൽ ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓൺലൈനിൽ വഴി പരിചയപ്പെട്ടാണ് ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയിൽ നിന്നും ഇവർ 65 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആര്യ ആണെന്ന വ്യാജേനയാണ് പ്രതികൾ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത്. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോൾ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകിയതായി യുവതി പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ സൈബർ പൊലീസ് അര്യയെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലായിരുന്നു പ്രതികൾ പിടിയിലായത്.
Post Your Comments