നടി ചിത്രയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ചിത്ര ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. ഹൃദയാഘാതം മൂലമുള്ള നടിയുടെ അകാല വിയോഗത്തിന്റെ വേദനയിലാണ് സിനിമാ ലോകം. താരം മുൻപ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ചു പങ്കുവെച്ച വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നത്.
നടി ശോഭനയുമായുണ്ടായ പിണക്കത്തെക്കുറിച്ചും അച്ഛന്റെ കാര്‍ക്കശ്യത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ ചിത്ര പങ്കുവച്ചവാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘അമ്മയുടെ വേര്‍പാടോടെ അച്ഛന്‍ കര്‍ക്കശക്കാരന്‍ ആയി. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ആരുമായും സംസാരിക്കാന്‍ പാടില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ മുറിയിലെത്തണം. മറ്റു നടിമാരോട് സംസാരിക്കാന്‍ പാടില്ല. അച്ഛന്റെ നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചു.
പിന്നെ ഞങ്ങള്‍ അമ്മയില്ലാതെ വളരുന്ന മൂന്നു പെണ്‍കുട്ടികള്‍ ഉള്ളതിന്റെ ടെന്‍ഷനും ചിന്തകളും ഒക്കെ ആയിരിക്കും അച്ഛനെ അങ്ങനെ ആക്കിയത്. ഞാന്‍ ഒരു അഭിനേത്രി ആയതിന്റെ ഇഷ്ടക്കുറവ് അച്ഛന്റെയും അമ്മയുടെയും കുടുംബത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതിന്റെയൊപ്പം വേറെവല്ല പേരുദോഷവും കൂടി ആയിപോയാല്‍ പിന്നെ അതുമാത്രവുമല്ല ഞാന്‍ അത്യാവശ്യം പേരും പ്രശസ്തിയുമുള്ള ആളാണ്, അതുകൊണ്ടുതന്നെ എന്റെ ജീവിതത്തില്‍ എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയാകും.
ഒരിക്കല്‍ ഏതോ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ശോഭന ആളെ വിട്ട് എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചു, ഞാന്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ഉടന്‍ അച്ഛന്‍ പറഞ്ഞു. അവളാരാ… നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്. അവള്‍ വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെ’. അതുകേട്ട ഞാന്‍ മുറിയില്‍ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. അന്നുമുതല്‍ ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാന്‍ പ്രയാസമായിരുന്നു.
എന്നാല്‍ അച്ഛന്‍ ഈ കാണിച്ചിരുന്ന പിടിവാശി എന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ കാണിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ക്ക് പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടി ചെക്കുകള്‍ ആയിരുന്നു.’ – ചിത്ര പറഞ്ഞു
Post Your Comments