ചെന്നൈ: പ്രശസ്ത നടി ചിത്രയുടെ മരണത്തിന്റെ അപ്രതീക്ഷിത ഞെട്ടലിലാണ് സിനിമാലോകം. അഞ്ച് ഭാഷകളിലായി കരുത്തുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച ചിത്രയെ മലയാളികൾക്കും മറക്കാനാകില്ല. ഇന്ന് ചെന്നൈയിലെ തന്റെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ് എന്നിവയിലായിരുന്നു താരം തിളങ്ങിയിരുന്നത്. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു നടി തിളങ്ങിയത്. അമരത്തിലെ ചന്ദ്രിക, അദ്വൈതത്തിലെ കാര്‍ത്തി, ദേവാസുരത്തിലെ സുഭദ്ര, സൂത്രധാരനിലെ റാണീയമ്മ, അങ്ങനെ നീണ്ടു പോകും മലയാളത്തിൽ അവർ ചെയ്തുവെച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ.
മുഴുനീള കഥാപാത്രം ആവുക എന്നതായിരുന്നില്ല ചിത്ര ചെയ്തിരുന്നത്. ചെയ്യുന്ന കഥാപാത്രം എത്ര ചെറുതാണെങ്കിലും അത് പ്രേക്ഷകരുടെ മനസ്സിൽ എന്നും ഓർത്തുവെയ്ക്കുന്നതാകണം എന്ന പ്രത്യേക താൽപ്പര്യം നടിക്കുണ്ടായിരുന്നുവെന്ന് വേണം കരുതാൻ. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന നടിയാണ് ചിത്ര. അവർ ജീവൻ നൽകിയ ഓരോ കഥാപാത്രവും ഇന്നും മലയാളികൾക്ക് ഓർമയുണ്ട്.
ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന നടിക്ക് പഞ്ചാഗ്നിയിലൂടെയാണ് മികച്ച കഥാപാത്രം ലഭിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ ആഭരണച്ചാര്‍ത്താണ് മലയാളത്തിലെ അവസാന ചിത്രം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും താത്കാലികമായി വിട്ടു നിന്നെങ്കിലും തമിഴില്‍ ഇടക്കിടെ ചിത്രങ്ങളില്‍ സജീവമായിരുന്നു. തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും അവര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമില്‍ നടക്കും.
Post Your Comments