പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ് പൃഥ്വിരാജും സുപ്രിയയും. എല്ലാ കാര്യത്തിലും പൃഥ്വിരാജിന് പിന്തുണയുമായി നിൽക്കുന്ന സുപ്രിയ ഒരു നിർമ്മാതാവ് കൂടിയാണ്. ഏറ്റവും ഒടുവിൽ സുപ്രിയ നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രം കുരുതിയാണ്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ദി ക്വിന്റിനു നൽകിയ അഭിമുഖത്തിൽ സുപ്രിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജ് കൊവിഡ് ബാധിതനായി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നപ്പോഴാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിക്കുന്നതെന്നും അന്ന് തന്നോട് ഇത് പറഞ്ഞപ്പോൾ, ഒരു ഭാര്യ എന്ന നിലയിലുള്ള മറുപടിയാണ് നൽകിയതെന്നും സുപ്രിയ പറയുന്നു.
‘പൃഥ്വിക്ക് കൊവിഡ് ബാധിച്ച് ഒരേ ഫ്ളാറ്റിലെ രണ്ടു ഫ്ലോറുകളിൽ ആയിരുന്നു ഞങ്ങൾ. പരസ്പരം കാണാൻ കഴിയുമായിരുന്നില്ല. ഇതിനിടയിൽ നല്ലൊരു സ്ക്രിപ്റ്റ് വായിച്ചെന്ന് പറഞ്ഞ് പൃഥ്വി അതെനിക്ക് മെസ്സേജ് ചെയ്തു. കൊവിഡ് ആയിട്ട് സ്ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ എന്നതായിരുന്നു അപ്പോഴത്തെ എന്റെ പ്രതികരണം. ഭാര്യ എന്ന നിലയിൽ ഉള്ളതായിരുന്നു അത്. പക്ഷേ അപ്പോൾ തന്നെ സ്ക്രിപ്റ്റ് വായിക്കണം എന്ന് പൃഥ്വി നിർബന്ധിക്കുക ആയിരുന്നു. അങ്ങനെയാണ് ഞാൻ സ്ക്രിപ്റ്റ് വായിക്കുന്നത്. ഈ കൊവിഡ് കാലത്ത് തന്നെ ചെയ്യാൻ കഴിയുന്ന ഒരു സിനിമയാണെന്ന് തിരിച്ചറിയുകയും അത് സംഭവിക്കുകയുമായിരുന്നു’ എന്ന് സുപ്രിയ പറഞ്ഞു.
അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന കുരുതി സംവിധാനം ചെയ്തിരിക്കുന്നത് മനുവാര്യർ ആണ്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജൻ. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തി.
Post Your Comments