സിനിമകളില്‍ തമാശ കഥാപാത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്തു കയ്യടി നേടിയിട്ടുള്ള ജയറാം ജീവിതത്തില്‍ സെന്റിയടിച്ച് കണ്ണ് നിറയ്ക്കുന്ന ആളാണെന്നു തുറന്നു പറയുകയാണ് ജയറാമിന്റെ മകള്‍ മാളവിക ജയറാം. ജയറാമിന്റെ അഭിമുഖം കണ്ടാല്‍ അപ്പയാണ് വീട്ടിലെ കളിയാക്കലിന്റെ ആളെന്ന് കാണുന്നവര്‍ തെറ്റിദ്ധരിക്കുമെന്നും എന്നാല്‍ അമ്മയാണ് അപ്പയെ കൂടുതല്‍ റോസ്റ്റ് ചെയ്യാറുള്ളതെന്നും മാളവിക ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുന്നു.
മാളവികയുടെ വാക്കുകള്‍
‘അപ്പയുമായുള്ള അഭിമുഖം കാണുമ്പോള്‍ അപ്പ വീട്ടില്‍ ഞങ്ങളെ കളിയാക്കി കൊല്ലുകയാണെന്ന് തോന്നും. പക്ഷേ നേരെ തിരിച്ചാണ് അമ്മയാണ് അപ്പയെ കൂടുതൽ റോസ്റ്റ് ചെയ്യാറുള്ളത്. ഒരു ഉദാഹരണം പറയാം വീട്ടിൽ സഹായിക്കാൻ വരുന്ന ഒരു ഹിന്ദിക്കാരൻ ഭയ്യ ഉണ്ട്. മൈന എന്നാണ് ഞങ്ങൾ വിളിക്കാറുള്ളത്. മൈനയ്ക്ക് ഹിന്ദിയെ അറിയൂ. വീട്ടിലാണെങ്കില്‍ അപ്പയ്ക്ക് ഹിന്ദിയ്ക്ക് അഞ്ചു മാർക്ക് കഷ്ടിച്ചു കൊടുക്കാം. അമ്മയ്ക്ക് നൂറു മാര്‍ക്കും. അപ്പ മൈനയോടു സംസാരിക്കുന്നത് കേട്ടാൽ തലകുത്തി നിന്നു ചിരിച്ചുപോകും. ഹിന്ദിയും, തമിഴും, മലയാളവും ഇടകലര്‍ത്തിയുള്ള ഒരു പ്രത്യേകതരം ഭാഷയാണ്. മുകളിലെ മുറിയിലേക്ക് രണ്ടു കസേര എടുത്തു വയ്ക്കാൻ അപ്പ പറയുന്നത് ഇങ്ങനെയാണ്. ‘മൈനാ വോ രണ്ടു ചെയര്‍ എടുത്തു മേല്‍ മൈം വയ്ക്ക്’. ഇടയ്ക്ക് കേള്‍ക്കാം. ‘മൈനാ വോ മച്ച്ലിക്കൊ ഭക്ഷണം ലേശം ഇട്ടേക്കൂ’. വളര്‍ത്തു മീനിനു തീറ്റ കൊടുക്കാന്‍ പറയുന്നതാണ്. പുറത്ത് കാണുന്ന ആളെ അല്ല അപ്പ വീട്ടില്‍. പുറത്തു ആളുകളെ ഒക്കെ ചിരിപ്പിക്കും. എങ്കിലും വീട്ടില്‍ വലിയ സെന്റിയാണ്. പെട്ടെന്ന്‍ കരയും. ഒരുദിവസം ഞാന്‍ സാരിയുടുത്ത് വന്നു. ചക്കി ഇത്രയും വളര്‍ന്നോ എന്ന് ചോദിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകി. അതാണ് എന്റെ അപ്പ’.
Post Your Comments