മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പ്രഖ്യാപനം മുതലേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പുഴു. ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയില്‍ ‘പുഴു’വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹര്‍ഷദിനൊപ്പം സുഹാസും ഷര്‍ഫുവും ചേര്‍ന്നാണ്. സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ജേക്സ് ബിജോയ് ആണ്. മമ്മൂട്ടിയുടെ ‘സിബിഐ’ സിരീസിലെ അഞ്ചാം ഭാഗത്തിന്റെ സംഗീതവും ജേക്സ് ബിജോയ് തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ ഈ ചിത്രങ്ങളെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് ജേക്സ് ബിജോയ്.
ഗംഭീര തിരക്കഥയാണ് പുഴുവിന്റേതെന്നും മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്തിട്ട് ഏറെ നാളുകള്‍ ആയിട്ടുണ്ടെന്നും ഒടിടി പ്ലേയ്ക്ക് നല്കിയ അഭിമുഖത്തില്‍ ജേക്സ് പറഞ്ഞു.
‘പുഴുവില്‍ വര്‍ക്ക് ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മമ്മൂക്കയുടെ അഭിനയമികവ് പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു. ഒരു മാസ് മമ്മൂക്കയെയല്ല ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാനാവുക. മറിച്ച് വിധേയന് സിനിമയുടെയൊക്കെ തലത്തിലുള്ള പ്രകടനമായിരിക്കും’, ജേക്സ് പറയുന്നു.
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ‘സിബിഐ’ സിരീസിലെ അഞ്ചാം ചിത്രവും തനിക്ക് ആകാംക്ഷയുണ്ടാക്കുന്ന പ്രോജക്റ്റ് ആണെന്ന് ജേക്സ് ബിജോയ് പറയുന്നു. ‘ഞാന്‍ കാത്തിരിക്കുന്ന ചിത്രമാണ് അതും. ആ സിനിമ ചെയ്യുമ്പോള്‍ മറ്റെല്ലാ ജോലികളും നിര്‍ത്തിവെക്കും. അതില്‍ മാത്രമാവും ശ്രദ്ധ’. സിബിഐ സിരീസ് ചിത്രങ്ങള്‍ക്ക് ശ്യാം നല്കിയ തീം മ്യൂസിക്കില്‍ അധികം മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നും കാലികമാക്കാനായി ചില്ലറ വ്യത്യാസങ്ങള്‍ മാത്രമേ വരുത്തുന്നുള്ളുവെന്നും ജേക്സ് പറഞ്ഞു .
Post Your Comments