ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് റോഷൻ മാത്യു. വൈകാരികമായ അഭിനയ നിമിഷങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മാത്രമല്ല ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരുടെയും താരങ്ങളുടെയും ശ്രദ്ധയാണ് റോഷന്‍ പിടിച്ച് പറ്റിയത്. അതുകൊണ്ടു തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ റോഷൻ വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഭാഗമായി മാറിയിരിക്കുകയാണ്. അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ ആലിയ ഭട്ട് ചിത്രമായ ഡാര്‍ളിങ്ങിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ തന്റെ ആദ്യ തമിഴ് ചിത്രത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് റോഷൻ.
വിക്രം നായകനായെത്തുന്ന ‘കോബ്ര’ എന്ന ചിത്രത്തിലാണ് റോഷൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിക്രം എന്ന നടന്റെ വിനയം അവിശ്വസിനീയമാണെന്ന് ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിൽ റോഷൻ പറയുന്നു. ‘കോബ്രയില്‍ വിക്രമിനൊപ്പം എനിക്ക് ചില സീനുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വിനയം ശരിക്കും അവിശ്വസനീയമാണ്’, റോഷന്‍ പറഞ്ഞു.
ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കോബ്ര’. ഏതാണ്ട് ഇരുപതോളം വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രമെത്തുന്നത്. ജനുവരിയിൽ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. റോഷൻ കൂടാതെ മിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കെ എസ് രവികുമാർ, ആനന്ദ് രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ് രാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.എ ആർ റഹ്മാനാണ് സംഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോസിൻറെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഹരീഷ് കണ്ണൻ ആണ്. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ.
ഇതിനു പുറമെ മലയാളത്തിലും നിരവധി ചിത്രങ്ങളിലാണ് റോഷൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ മനുവാര്യര്‍ സംവിധാനം ചെയ്ത കുരുതിയാണ് റോഷന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
Post Your Comments