ശരണ്യയ്ക്ക് എന്നും താങ്ങും ആശ്രയവുമായിരുന്നു നടിയും സുഹൃത്തുമായ സീമ ജി നായര്‍. തുടക്കം മുതൽ ശരണ്യയുടെ ചികിത്സാ സഹായത്തിനും എന്തിനും ഏതിനും ഒരു അമ്മയെ പോലെ കൂടെ നിന്ന സീമയ്ക്ക് ശരണ്യയുടെ വിയോഗം താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. ഇന്നലെയായിരുന്നു ശരണ്യയുടെ സംസ്ക്കാര ചടങ്ങുകൾ പൂർത്തീകരിച്ചത്. എന്നാൽ ഇതുവരെയും സീമ ശരണ്യയുടെ മരണത്തിൽ നേരിട്ട് പ്രതികരിച്ചിട്ടില്ല. അമ്മ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും, ആരോടും ഇപ്പോൾ സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണുള്ളതെന്നും നടിയുടെ മകൻ ആരോമൽ പറയുന്നു. സീമ ജി. നായരുടെ യുട്യൂബ് ചാനലിലൂടെയാണ് മകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘വേദന പങ്കിട്ട് നിരവധി പേര് വിളിക്കുന്നുണ്ട്. പക്ഷേ അതിനൊന്നും മറുപടി പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല അമ്മ. ഒരു സന്ദേശങ്ങള്‍ക്കും മറുപടി കൊടുക്കാനുള്ള മാനസികാവസ്ഥയിലല്ല അമ്മ. ഞാൻ ഇപ്പോൾ കൊച്ചിയിലാണ്, അമ്മ തിരുവനന്തപുരത്തും. അമ്മയ്ക്ക് മറുപടി പറയാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഞാൻ ലൈവിൽ വന്നത്.’–ആരോമൽ പറഞ്ഞു.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തുന്നത്. ശരണ്യയെ മകളെ പോലെ സ്നേഹിച്ച സീമയ്ക്ക് ഈ വേദന താങ്ങാന്‍ കരുത്തുണ്ടാകട്ടേയെന്നാണ് എന്നാണ് ഏവരും പറയുന്നത്.
Post Your Comments