കാൻസറിനോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങിയ ശരണ്യയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ താരങ്ങളും ആരാധകരും. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശരണ്യ കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ നിരവധി പേരാണ് ആദരവർപ്പിക്കാൻ എത്തിയത്.
നടനും എം.എൽ.എയുമായ കെ.ബി ഗണേശ് കുമാർ ശരണ്യയ്ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. അദ്ദേഹത്തിനു മുന്നിൽ വൈകാരികമായി വിതുമ്പിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശരണ്യയുടെ അമ്മയുടെ ദൃശ്യങ്ങൾ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്.
മകൾ ജീവനോടെയില്ല എന്ന സത്യം അംഗീകരിക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. ശരണ്യയുടെ കണ്ണ് തുറപ്പിക്കാനാണ് ഗണേഷിനോട് അമ്മ കരഞ്ഞുകൊണ്ട് ആവശ്യപ്പെടുന്നത്. ഡോക്ടറെ വിളിക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഗണേഷ് അവരെ ആശ്വസിപ്പിക്കുകയാണ്.
കോവിഡ് ബാധിച്ച് കുറച്ച് നാളുകൾക്ക് മുൻപാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽനിന്ന് മുക്തയായ ശരണ്യ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments