
നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ പേരിനെക്കുറിച്ചുള്ള വിവാദങ്ങൾ കത്തി പടരുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ നാദിർഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ്. പ്രളയവും, നിപ്പയും, കൊവിഡും ഒന്നും തിരിച്ചറിവുകൾ തരാത്ത മനുഷ്യവർഗ്ഗത്തിൽ തന്നെ ഉൾപ്പെടുന്ന ചില ജീവികൾ വാർത്തകളിൽ ഇടം നേടുവാൻ മതവൈര്യങ്ങൾ പുലമ്പിക്കൊണ്ടേയിരിക്കുമെന്ന് ജിബു ജേക്കബ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ജിബു ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കുറച്ചു നാളുകൾക്കു മുൻപുവരെ മലയാളക്കരയിൽ പോന്നോണക്കാലത്ത് ചിരിയുടെ മേമ്പോടി ചലിച്ച് പ്രേക്ഷകർ മഹാബലിയുടെ ‘ദേ മാവേലിക്കൊമ്പത്ത്’ കാസറ്റ് കാത്തിരുന്നൊരു കാലം ഓർമ്മയിൽ വരുന്നു.ഈശ്വരസങ്കൽപ്പങ്ങൾക്ക് മനുഷ്യമനസ്സിൽ ഇടം തന്നതിൽ കലാകാരന്റെ പങ്ക് ഒഴിവാക്കാനാവില്ല. ചിത്രകാരനും എഴുത്തുകാരനും അതേ മനുഷ്യർ തന്നെ. അന്നോളം കാണാത്ത ജെറുസലേമും, ദേവലോകവും രംഗവേദിയിലൂടെ കണ്ട് മനസ്സിൽ പ്രതിഷ്ഠിച്ചവരാണ് നമ്മൾ. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ പേരിനെ ചൊല്ലി സമീപകാലത്ത് പൊട്ടിപുറപ്പെട്ട വിവാദങ്ങൾക്ക് സാക്ഷര, മതേതര കേരളത്തെ ഒന്നോ രണ്ടോ സംവത്സരം പുറകോട്ടു നയിക്കാനല്ലാതെ ഇതിനു പിന്നിൽ തൂങ്ങുന്നവർക്ക് മറ്റൊരു ചരിത്രത്തിന്റെയും നായകരാകാൻ കഴിയില്ല.
ഇന്നൊരു പേരുകൊണ്ട്, നാളെ നിറവും, കുലവും കൊണ്ടായിരിക്കും. മുൻപും ഇത്തരം സാമൂഹികവിപത്തുക്കളെ മനുഷ്യർ നേരിട്ടിട്ടുണ്ട്. പ്രളയവും, നിപ്പയും, കോവിഡും ഒന്നും തിരിച്ചറിവുകൾ തരാത്ത മനുഷ്യവർഗ്ഗത്തിൽ തന്നെ ഉൾപ്പെടുന്ന ചില ജീവികൾ വാർത്തകളിൽ ഇടം നേടുവാൻ മതവൈര്യങ്ങൾ പുലമ്പിക്കൊണ്ടേയിരിക്കും. നാദിർഷക്കൊപ്പം ജിബു ജേക്കബ്.
Post Your Comments