വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് ബിഷപ്പ് ചോദിക്കന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ നൽകിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?’, എന്ന് അദ്ദഹം കുറിച്ചു.
https://www.facebook.com/yuhanon.meletius/posts/10157911892006143
ക്രിസ്തീയ സമുദായത്തെ അവഹേളിക്കുന്നതാണ് ഈശോ എന്ന സിനിമ എന്ന് കാണിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈശോ ഈ വീടിന്റെ ഐശ്വര്യം എന്ന പേരില്‍ ക്രൈസ്തവര്‍ വീടുകളില്‍ ബോര്‍ഡുകള്‍ വക്കാറുണ്ട്. അതിനു സമാനമായ പേരാണ് കേശു ഈ വീടിന്റെ ഐശ്വര്യം എന്നത്. ഒരു അക്ഷരത്തിന് മാത്രമാണ് ഇവിടെ വ്യത്യാസം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമയും നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്നാൽ സിനിമയുടെ പേര് മാറ്റാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നാദിർഷ വ്യക്തമാക്കി. നാദിർഷയ്ക്ക് പിന്തുണയുമായി ഫെഫ്കയും രംഗത്തെത്തിയിരുന്നു.
Post Your Comments