തിരുവനന്തപുരം: നാദിർഷ ചിത്രം ‘ഈശോ’ എന്ന സിനിമയ്‌ക്കെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെ ഷംസു സൈബ സംവിധാനം ചെയ്ത മണിയറയിലെ അശോകൻ എന്ന സിനിമയ്‌ക്കെതിരെയും ആരോപണവുമായി പി സി ജോർജ്. സിനിമയിലെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ ഗാനത്തിനെതിരെയാണ് വിചിത്ര വാദവുമായി പി സി ജോർജ് എത്തിയിരിക്കുന്നത്. റിപ്പോർട്ടർ ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ പേര് ഒരു ഹിന്ദുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ പി.സി. ജോര്‍ജ് പാട്ടിലെ രണ്ടാമത്തെ വരിയില്‍ ‘തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതിയതിനെയാണ് വിമർശിക്കുന്നത്. ‘ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്. ആ സ്ത്രീയോട് ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ എന്താണ് മനുഷ്യന്‍ മനസിലാക്കേണ്ടത്. ഇതൊക്കെ ചര്‍ച്ച നടക്കുകയാണ് ഇപ്പോള്‍. അത് എഴുതിയത് ഷിഹാബ് ആണ്. പാട്ടിന്റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നൊക്കെ പറയുമായിരിക്കും. ‘മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ? അതൊക്കെയാ കുഴപ്പം,’ പി.സി. ജോര്‍ജ് പറഞ്ഞു.
ജയസൂര്യ നായകനാകുന്ന നാദിര്‍ഷാ ചിത്രത്തിനെയും പി.സി. ജോര്‍ജ് വീണ്ടും എതിർത്തു. ‘നാദിർഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലീം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ആ പേര് അങ്ങ് മാറ്റ് ജയസൂര്യ. എന്നിട്ട് നല്ലൊരു പേരിടാൻ നോക്ക്. ഞാൻ ഒരു വർഗീയതായും പറയുന്നില്ല. ഈശോന്ന് പേരിട്ടാൽ അത് ഞങ്ങളുടെ സഭയെ മോശമാക്കും’, പി സി ജോർജ് പറഞ്ഞു.
അതേസമയം, പി സി ജോർജിന്റെ ഇത്തരം ഡയലോഗുകൾക്ക് എതിരഭിപ്രായവും ഉയരുന്നുണ്ട്. എഴുതിയവനോ പാടിയവനോ അഭിനയിച്ചവനോ പോലുമറിയാത്ത അര്‍ത്ഥതലങ്ങളാണല്ലോ ജോര്‍ജ് സാര്‍ കണ്ടുപിടിക്കുന്നതെന്നും ചിലര്‍ പറയുന്നു.
Post Your Comments