ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈശോ’. ചിത്രത്തിന്റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ നാദിർഷ പേര് മാറ്റാൻ തയാറാണെന്നു അറിയിച്ചതായി കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നാദിർഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകരുടെ സംഘടനയായ ഫെഫ്ക.
ഇത്തരത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ വിവേകമുള്ള കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു. ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന് നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുയും ചെയ്യുന്നു എന്ന് ഫെഫ്ക അറിയിച്ചു.
‘ഇതിന് മുമ്പ് മലയാളത്തില്‍ മതപരമായ പേരുകള്‍ ഉപയോഗിച്ച ചിത്രങ്ങള്‍ക്ക് അന്തര്‍ദേശീയ പുരസ്കാരങ്ങളും മുഖ്യധാരാ വിജയങ്ങളും ഒപ്പം പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ലെന്നും’ ഫെഫ്ക കൂട്ടിച്ചേര്‍ത്തു.
Post Your Comments