മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ദിലീപിനെ നായകനാക്കി ഷാഫിയൊരുക്കിയ ചിത്രമായിരുന്നു ടു കണ്‍ട്രീസ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷനായിരുന്നു നേടിയിരുന്നത്. തിയ്യേറ്ററുകളില്‍ വിജയമായി മാറിയ 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംവിധായകൻ ഷാഫി തന്നെയാണ് ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ത്രി കണ്‍ട്രീസ്’ എന്ന പേരിൽ ചിത്രം പുറത്തിറക്കാനാണ് ആഗ്രഹിക്കുന്നതെന്നും. ദിലീപിനോടും റാഫി ഇക്കയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഷാഫി പറയുന്നു.
‘ത്രി കണ്‍ട്രീസ് ആലോചനയിലുണ്ട്. ഒരു കഥാതന്തു ലഭിച്ചിട്ടുണ്ട്. ദിലീപിനോടും റാഫി ഇക്കയോടും സംസാരിച്ചിട്ടുണ്ട്. തിരക്കഥയൊക്കെ പൂര്‍ത്തിയാകാന്‍ സമയമെടുക്കും. ആദ്യം കോവിഡും പ്രശ്‌നങ്ങളും അവസാനിക്കട്ടെ. നിര്‍മാതാവും മറ്റു കാര്യങ്ങളും അനുകൂലമായി വന്നാല്‍ സിനിമയുമായി മുന്നോട്ട് പോകും’- ഷാഫി പറഞ്ഞു.
2015 ലാണ് ദിലീപിനെയും മമ്ത മോഹൻദാസിനെയും കേന്ദ്ര കഥാപാത്രമാക്കി ഷാഫി ഒരുക്കിയ ടു കണ്‍ട്രീസ് എന്ന ചിത്രം റിലീസ് ചെയ്തത്. കേരളത്തിലെ ഒരു യുവാവ് കാനഡയില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം ദിലീപിന് ലഭിച്ച വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു 2 കണ്‍ട്രീസ്. ഷാഫിയുടെ സഹോദരന്‍ റാഫിയായിരുന്നു 2 കണ്‍ട്രീസിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. ചിത്രത്തിൽ റാഫിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Post Your Comments