
നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിൽ തിരുവനന്തപുരത്തെ ചെങ്കൽചൂളയിൽ നിന്നുള്ള കുട്ടികൾ ഒരുക്കിയ ട്രിബ്യുട്ട് ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സൂര്യ ഉൾപ്പടെ വീഡിയോ ഷെയർ ചെയ്തതോടെ കുട്ടികൾ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കുട്ടികൾ.
കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന സിനിമയിലാണ് പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണി എന്നിവർക്കൊപ്പം അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. നായികയായ നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന അജയ് വാസുദേവന്റെ നേതൃത്വത്തിലുളള സംഘത്തിലെ അംഗങ്ങളായിട്ടാണ് കുട്ടികൾ എത്തുക.
സിനിമയിൽ അഭിനയിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന ഇവരുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കണ്ണൻ താമരക്കുളം തന്റെ സിനിമയിൽ കുട്ടികൾക്ക് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. നൃത്തരംഗത്ത് കുട്ടികളുടെ അസാമാന്യ പാടവം കണ്ടതോടെ നിക്കി ഗൽറാണി സൈറ്റിൽ ഇവർക്കൊപ്പം ചുവടുവക്കുകയും ചെയ്തു. കുട്ടികളുടെ വീഡിയോയിലെ രംഗങ്ങൾ എഡിറ്റിങ് ചെയ്ത അബിൻ വിരുന്നിലെ എഡിറ്ററുടെ സഹായിയായി പ്രവർത്തിക്കുന്നുമുണ്ട്.
Post Your Comments