‘സര്‍പട്ട പരമ്പരൈ’യ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നുവെന്ന് റിപ്പോർട്ടുകൾ. ‘നച്ചത്തിരം നഗര്‍ഗിരത്’ എന്നാണ് ചിത്രത്തിന്റെ പേരെന്നും നായകൻ കാളിദാസ് ജയറാം ആണെന്നും തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ നായകന്റെ റോളിലേക്ക് രണ്ടുപേരെയാണ് സംവിധായകന് പ്രധാനമായും പരിഗണിച്ചതെന്നാണ് നേരത്തേ ലഭിച്ചിരുന്ന വിവരം. അശോക് സെല്‍വനും കാളിദാസ് ജയറാമും. അതില്‍ കാളിദാസിനാണ് അന്തിമമായി നറുക്ക് വീണിരിക്കുന്നതെന്ന് ഇന്ത്യ ഗ്ലിറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘സര്‍പട്ട’യില്‍ നായികാ കഥാപാത്രമായ മാരിയമ്മയെ അവതരിപ്പിച്ച ദുഷറ വിജയന് ആയിരിക്കും ചിത്രത്തിലെ നായികയെന്നുമൊക്കെ റിപ്പോര്‍ട്ടുകളിൽ പറയുന്നു.
നെറ്റ്ഫ്ളിക്സിന്റെ തമിഴ് ആന്തോളജി ചിത്രം ‘പാവ കഥൈകളി’ലെ കാളിദാസിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി കാളിദാസ് എത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ‘നച്ചത്തിരം നഗര്‍ഗിരത്’ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.
‘കാല’യ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പട്ട പരമ്പരൈ എഴുപതുകളിലെ വടക്കന്‍ ചെന്നൈ പശ്ചാത്തലമാക്കുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമാണ്. നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്ത് സഹനിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കബിലന് എന്ന ബോക്സറായാണ് ആര്യ എത്തിയത്. പശുപതി, ജോണ്‍ വിജയ്, ജോണ്‍ കൊക്കന്, ഷബീര്‍ കല്ലറയ്ക്കല്‍, ദുഷറ വിജയന്, അനുപമ കുമാര്‍ തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്.
Post Your Comments