ഹൈദരാബാദ്: ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. വമ്പൻ വിജയം കൈവരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ് അണിയറക്കാര്‍. പവന് കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരും ഗെറ്റപ്പും കൂടാതെ ഒരു ലൊക്കേഷന്‍ വീഡിയോയും പുറത്തു വിട്ടുകൊണ്ട് നിർമ്മാതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
മലയാളത്തില്‍ ബിജു മേനോന് അവതരിപ്പിച്ച ‘അയ്യപ്പന് നായര്‍’ തെലുങ്കിലെത്തുമ്പോള്‍ പേര് ‘ഭീംല നായക്’ എന്നാണ്. പൊലീസ് യൂണിഫോമില്‍ ഈ കഥാപാത്രമായുള്ള പവന് കല്യാണിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയാണ്.
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന് കല്യാണിന്റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം.
റാം ലക്ഷ്മണ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പ്രഖ്യാപിക്കും. 2022 സംക്രാന്തിക്ക് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.
Post Your Comments