സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കൊച്ചി മുൻ മേയർ സൗമിനി ജെയിൻ സംവിധായകൻ ജൂഡ് ആന്തണിയ്ക്ക് നൽകിയ പരാതി. സുഭാഷ് പാർക്കിലെ ഷൂട്ടിംഗ് അനുമതിയുമായി ബന്ധപ്പെട്ട് സൗമിനി ജെയിനിനോട് ജൂഡ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്തണി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം തുറന്നു പറഞ്ഞത്.
അന്ന് സൗമിനി ജെയിൻ മോശമായും പുച്ഛത്തോടെയുമായിരുന്നു തന്നോട് പെരുമാറിയിരുന്നതെന്നും തന്റെ മര്യാദ കൊണ്ടാണ് അവർക്കെതിരെ പരാതി കൊടുക്കാതിരുന്നതെന്നും ജൂഡ് പറഞ്ഞു. അന്ന് മന്ത്രിയായിരുന്ന ശൈലജ ടീച്ചർ ഷൂട്ടിങ്ങിനുള്ള അനുമതി നൽകിയതാണ്. എന്നിട്ടും അവർ തന്നോട് അന്ന് മോശമായി പെരുമാറുകയായിരുന്നുവെന്ന് ജൂഡ് പറയുന്നു. സ്ത്രീത്വം എന്നത് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണ് എനിക്കെതിരെയുള്ള അവരുടെ പരാതി എന്നും ജൂഡ് കൂട്ടിച്ചേർത്തു.
ജൂഡ് ആന്തണിയുടെ വാക്കുകൾ:
‘സ്ത്രീത്വത്തെ അപമാനിച്ചുയെന്നായിരുന്നു കൊച്ചി മേയറായിരുന്ന സൗമിനി ജെയിൻ എനിക്കെതിരെ നൽകിയ പരാതി. എന്നാൽ ശൈലജ ടീച്ചർ പാർക്കിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. അനുമതിയെ കുറിച്ചുള്ള ഇമെയിലും അയച്ചിരുന്നു. ഫോണിൽ സൗമിനി ജെയിനുമായി സംസാരിച്ചിരുന്നു. അപ്പോൾ പാർക്കിൽ ഷൂട്ട് ചെയ്യുവാൻ അനുമതി നൽകില്ലെന്ന് പറഞ്ഞു. ഇനി മിനിസ്റ്റർ ഇടപെട്ടത് കൊണ്ട് ഈഗോ തട്ടാതിരിക്കുവാൻ മേയറെ നേരിട്ട് കാണുവാൻ പോയി. സ്കൂളിൽ അഡ്മിഷൻ എടുക്കുവാനായി കാത്തുനിൽക്കുന്ന ഒരു വിദ്യാർഥിയെ പോലെയായിരുന്നു അവർ എന്നെ സമീപിച്ചത്. എന്നോട് അത്രത്തോളം മോശമായും പുച്ഛത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്. എന്റെ മര്യാദ കൊണ്ടാണ് അവർക്കെതിരെ ഞാൻ പരാതി കൊടുക്കാതിരുന്നതു. ഞാനും അവരും സമൂഹത്തിലെ രണ്ട് വ്യക്തികളാണ്. രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയാണ് പെരുമാറേണ്ടത്. ഈ സ്ത്രീത്വം എന്നത് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണ് എനിക്കെതിരെയുള്ള അവരുടെ പരാതി’.
Post Your Comments