തലയണമന്ത്രവും, വടക്കുനോക്കിയന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോള്‍ ശ്രീനിവാസന്‍ എന്ന നടന്‍ ക്ലാസ് നായകനെന്ന നിലയിലാണ് അറിയപ്പെടുന്നത്, പക്ഷേ ചില സിനിമകളില്‍ മാസായും ശ്രീനിവാസന്‍ എന്ട്രി ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മേഘം’. ചിത്രത്തിലെ ‘മാര്‍ഗഴിയെ മല്ലികയെ’ എന്ന ഫാസ്റ്റ് നമ്പര്‍ സോങ്ങില്‍ ഏറെ പുതുമയുള്ള ഡാന്‍സ് സ്റ്റെപ്പുമായി ശ്രീനിവാസന്‍ കളം നിറഞ്ഞത് ഇന്നും നമ്മള്‍ സോഷ്യല്‍ മീഡിയിലൂടെ ആഘോഷത്തോടെ കൊണ്ടുനടക്കുന്ന ഒന്നാണ്. ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ ഗാനത്തിന് ശേഷം ഡാന്‍സ് ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനലില്‍ ശ്രീനിവാസന്‍ മനസ്സ് തുറക്കുകയാണ്.
‘മേഘത്തില്‍ പ്രിയന്‍ എന്നെ നിര്‍ബന്ധിച്ചു ഡാന്‍സ് ചെയ്യിപ്പിച്ചതാണ്. ‘നാടോടിക്കാറ്റ്’ എന്ന സിനിമയില്‍ ഡാന്‍സ് ചെയ്തതിനു ശേഷം എന്നിലേക്ക് വന്ന ഒരു വയ്യാവേലിയായിരുന്നു മേഘം സിനിമയിലെ ഡാന്‍സ്. പ്രിയന്‍ അതിനെക്കുറിച്ച് എന്നോട് പറയുമ്പോള്‍ എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയായിരുന്നു എനിക്ക്. അങ്ങനെ പ്രൊഡക്ഷന്‍ കണ്ട്രോളറെ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞു. എനിക്ക് ഡാന്‍സ് ചെയ്യാനൊന്നും കഴിയില്ല, അതുകൊണ്ട് നാട്ടിലേക്ക് ഒരു ടിക്കറ്റ് സംഘടിപ്പിച്ച് തരണം. ഞാന്‍ പോകുന്നു. ഈ സംഗതി പ്രിയന്‍ അറിഞ്ഞു. ‘താന്‍ എവിടെയും പോകുന്നില്ല. ഞാന്‍ പറഞ്ഞത് പോലെ മമ്മൂട്ടിക്കും പ്രിയ ഗില്ലിനുമൊപ്പം താനും ഇതില്‍ ഡാന്‍സ് കളിച്ചിരിക്കും’. ഞാന്‍ പറഞ്ഞു ‘ജീവന്‍ പോയാലും എനിക്ക് ഡാന്‍സ് ചെയ്യാന്‍ കഴിയില്ല’. ആ സമയം പ്രിയന്‍ പറഞ്ഞു ‘താന്‍ ഡാന്‍സ് ചെയ്യാതെ ഇവിടുന്നു മുങ്ങിയാല്‍ എന്തായാലും തന്നെ ഞാന്‍ കൊല്ലും’. അപ്പോള്‍ പിന്നെ ഡാന്‍സ് ചെയ്തിട്ട് ജീവന്‍ പോകുന്നേല്‍ അതല്ലേ ബെറ്റര്‍. ഡാന്‍സ് കളിച്ചില്ലേലും ജീവന്‍ നഷ്ടപ്പെടും എന്ന ബോധോദയം ഉണ്ടയാതിനാല്‍ മമ്മൂട്ടിക്കും പ്രിയ ഗില്ലിനുമൊപ്പം ഞാനും ആടിപാടി’. ശ്രീനിവാസന്‍ പറയുന്നു.
Post Your Comments