ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കെ.ടി.എസ് പടന്ന വിടവാങ്ങി. തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയിൽ വീട്ടിൽ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്. പടന്നയിൽ 88-ആം വയസിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്തരിച്ചത്. പല്ലില്ലാത്ത മോണ കാട്ടികൊണ്ട് കഥാനായകനിലെ കോന്തുണ്ണിനായരായും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ സ്ത്രീവിഷയത്തിൽ തത്പരനായ മുത്തച്ഛനായും തിളങ്ങിയ താരമാണ്.
ശ്രീകൃഷ്ണണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രത്തിൽ ‘ചിക്കൻ നല്ല മുറ്റാ’ എന്നു പറഞ്ഞുകൊണ്ട് കുപ്പിയുടെ കോർക്ക് വിഴുങ്ങുന്ന, ‘എന്റെ മകനാണ് ഇവൻ… ഇവന്റെ മകനാണ് അവൻ… അവന്റെ മകനാണ് ഇവൻ…’ എന്ന് ‘അനിയൻ ബാവ, ചേട്ടൻ ബാവ’യിൽ പരിചയപ്പെടുത്തുന്ന പടന്നയിൽ ചുരുക്കം ചില കഥാപാത്രങ്ങൾകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി.
നാടകലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ കെ.ടി.എസ് പടന്നയിൽ തൊണ്ണൂറുകളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ത്രീമെൻ ആർമി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്ന ലോകത്തെ ബാലഭാസ്കരൻ, വൃദ്ധന്മാരെ സൂക്ഷിക്കുക, ദില്ലിവാല രാജകുമാരൻ, കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അമ്മ അമ്മായിയമ്മ തുടങ്ങിയ ചിത്രങ്ങളുടെ പട്ടിക ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിവരെ എത്തി നിൽക്കുന്നു.
ജീവിത പ്രതിസന്ധികളെയും ചിരിയോടെ തോൽപ്പിച്ച കലാകാരനാണ് കെ.ടി.എസ്. പടന്നയിൽ. അഭിനയത്തിന്റെ ആരവങ്ങൾ ഒന്നുമില്ലാതെ തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ചെറിയൊരു സ്റ്റേഷനറി കടയും കെ.ടി.എസ്. പടന്നയിൽ നടത്തിയിരുന്നു. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഈ കടയുടെ തിരക്കുകളിലാകും അദ്ദേഹം.
Post Your Comments