കൊച്ചി : ട്രാൻജെൻഡർ ആക്ടിവിസ്റ്റും റേഡിയോ ജോക്കിയുമായിരുന്ന അനന്യ അലക്സിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട അനന്യ നേരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ആരോപണം ഉയർത്തിയിരുന്നു. അതിനു പിന്നാലെയാണ് താരത്തിന്റെ ആത്മഹത്യ. വളരെ ബോൾഡ് ആയി ജീവിതത്തെ നേരിട്ടുവന്ന അനന്യ ഇത്തരത്തിലൊരു മണ്ടത്തരം കാണിച്ചത് വിശ്വസിക്കാനാകുന്നില്ലെന്നാണ് അനന്യയുടെ സുഹൃത്തുക്കളിൽ ഭൂരിപക്ഷം പേരും പ്രതികരിക്കുന്നത്.
അനന്യയുടേത് ആത്മഹത്യാ അല്ല എന്ന് ശക്തമായി വാദിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കുഞ്ഞില മാസില്ലാമണി എഴുതിയ കുറിപ്പ് സംവിധായകൻ ജിയോ ബേബിയും പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ് പൂർണ്ണ രൂപം
റെനായി മെഡിസിറ്റി ഹോസ്പിറ്റലില്‍ ഡോ. അര്‍ജുന്‍ അശോകന്‍ നടത്തിയ സര്‍ജറിയില്‍ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നും ഡോക്ടര്‍മാരുടെ അലംഭാവം ഉണ്ടായിരുന്നുവെന്നും തുടര്‍ച്ചയായി ആരോപിച്ച ട്രാന്‍സ്വുമണ്‍ അനന്യ കുമാരി അലക്സ് ഇന്ന് ആത്മഹത്യ ചെയ്തു. ഞാന്‍ അവസാനം അവരോട് സംസാരിച്ചപ്പോള്‍ സര്‍ജറിയിലെ പിഴവ് പരിഹരിക്കാനുള്ള സര്‍ജറിക്ക് പണം സമാഹരിക്കാന്‍ ഒരു ഫണ്ട്റെയിസിങ്ങ് എക്കൗണ്ട് സെറ്റ് അപ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ആ സൈറ്റ് ഒരു വീഡിയോ ആവശ്യപ്പെടുന്നുണ്ടെന്നും അത് ഫോണില്‍ ഷൂട്ട് ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ഇത്. ഇത് ഒരു ആത്മഹത്യയല്ല. കൊലപാതകമാണ്. കുറച്ച് ദിവസം മുമ്പ് വരെ സര്‍ജറി ചെയ്ത ഡോക്ടര്‍ ആയ ഡോ. അര്‍ജുന്‍ അശോകന്‍, ഭാര്യ ഡോ. സുജ പി. സുകുമാര്‍ എന്നിവര്‍ ട്രാന്‍സ്ജെന്റര്‍ റൈറ്റ്സിനെ പറ്റി സംസാരിക്കുന്ന ഒരു മുറിയില്‍ സംസാരിക്കാന്‍ ശ്രമിച്ച അനന്യയെ അവിടെ നിന്ന് ഇറക്കിവിടുക വരെ ഉണ്ടായി.
സുഹൃത്തായ ദയ ഗായത്രി ഫ്ലാറ്റില്‍ ചെന്ന് അവരുടെ എക്കൗണ്ടില്‍ നിന്ന് പോലും സംസാരിക്കാന്‍ ശ്രമിച്ച അനന്യയെ ഈ ഡോക്ടര്‍മാര്‍ ഇറക്കിവിടുകയും ബ്ലോക് ചെയ്യുകയും വരെ ചെയ്തു. പിന്നീട് ഒരു ക്ലബ്ഹൗസ് ചര്‍ച്ചയില്‍ റെനയ് മെഡിസിറ്റി ഹോസ്പിറ്റലുമായി ഒരു വാക്കാലുള്ള എഗ്രിമെന്റില്‍ അനന്യ എത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതിന് ശേഷമാണ് അനന്യയുടെ ആത്മഹത്യ.
എത്ര ട്രാന്‍സ്പീപ്പിള്‍ മരിച്ചാലാണ് കേരളത്തിലെ ഡോക്ടര്‍മാരും ആശുപത്രികളും ട്രാന്‍സ്പീപ്പിളിനോടുള്ള വിവേചനം അവസാനിപ്പിക്കുക? കേരളത്തില്‍ ഇത്തരത്തിലുള്ള സര്‍ജറികള്‍ ചെയ്യുന്ന ചുരുക്കം ഹോസ്പിറ്റലുകളേ ഉള്ളൂ. അതുകൊണ്ട് അതിനെപ്പറ്റി പരാതി പറഞ്ഞാല്‍ ഇപ്പോള്‍ കിട്ടുന്ന ചികില്‍സ പോലും നിന്നു പോകുമോ എന്നുള്ള പ്രശ്നവും ഉണ്ട്. അവിടെ നടത്തിയ പല സര്‍ജറികള്‍ക്കും കുഴപ്പമുണ്ട് എന്ന കാര്യം അനന്യ തന്നെ പറഞ്ഞിരുന്നു.
ഇതേ ഹോസ്പിറ്റലിലെ ഡോക്ടറായ വിവേക് യു ഒരു ട്രാന്‍സ് പുരുഷനായ Adam Harry യോട് വളരെ മോശമായി പെരുമാറുന്നതിന്റെ ഓഡിയോ നേരത്തെ പുറത്ത് വന്നതാണ്. ഇതുവരെ അയാള്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണം. ഹോസ്പിറ്റലിനെയും അനന്യയോടുള്‍പ്പെടെ വിവേചനം കാണിച്ച ഡോക്ടര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. #StopTransphobiaInHealthcare
Post Your Comments