മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ മാലിക്ക് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ വരെ ചിത്രം ചർച്ച ചെയ്യപ്പെട്ടു. നിരവധി വിമർശനങ്ങൾ ചിത്രത്തിന് എതിരെ ഉയരുന്നുണ്ടെങ്കിലും, സിനിമയുടെ മേക്കിങ്ങിനെയും താരങ്ങളുടെ അഭിനയത്തേയും കുറിച്ച് നല്ല അഭിപ്രായങ്ങളാണ് വരുന്നത്. സിനിമ തീയേറ്ററിന്‍റെ നഷ്ടം തന്നെയാണെന്നാണ് ഒടിടിയിൽ കണ്ടവരെല്ലാം പറയുന്നത്. ഇപ്പോഴിതാ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തുകയാണ് മഹേഷ് നാരായണൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
ഇത്രയും മുതൽ മുടക്കിൽ എടുത്ത ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുന്നത് നിർമ്മാതാവിന് സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കും. തിയറ്ററുകൾ തുറക്കാൻ ഇനിയും കാലതാമസം എടുത്തേക്കും, അദ്ദേഹത്തെ സുരക്ഷിതമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ചിത്രം ഒടിടിയ്ക്ക് വിട്ടത് എന്ന് മഹേഷ് വ്യക്തമാക്കി.
‘സിനിമ തീയേറ്ററുകളിൽ എത്തിക്കുന്നതിനായി ഒന്നരവര്‍ഷത്തോളം തങ്ങള്‍ കാത്തിരുന്നു. പക്ഷേ അത് അനിശ്ചിതമായി നീണ്ടു, പണം മുടക്കിയ നിർമ്മാതാവിനെ സുരക്ഷിതനാക്കുകയെന്നത് എന്‍റെ കൂടെ ബാധ്യതയല്ലേ, അദ്ദേഹത്തിന് 22 കോടി രൂപ ഒടിടി വിൽപ്പനയിലൂടെ ലഭിച്ചു. സിനിമയുടെ മറ്റ് വിൽപ്പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം. സിനിമകളുടെ റീച്ച് എന്ന കാര്യത്തിൽ ഡിജിറ്റൽ മീഡിയ ഉണ്ടാക്കിയിരിക്കുന്നത് വലിയ അത്ഭുതം തന്നെയാണെന്നും നമ്മളൊക്കെ ചിന്തിക്കുന്നതിനും അപ്പുറമാണെതെന്നും’, മഹേഷ് പറഞ്ഞു. 27 കോടി രൂപയായിരുന്നു സിനിമയുടെ മൊത്തം ബഡ്ജറ്റ്.
Post Your Comments