മലയാളി പ്രേഷകരുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന നടനാണ് അനിൽ നെടുമങ്ങാട്. സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം കോൾഡ് കേസിലും അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിന് ശബ്ദം നൽകുന്നതിന് മുൻപേ അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങിയിരുന്നു. അദ്ദേഹത്തിന് പകരം ചിത്രത്തിൽ ശബ്ദം നൽകിയത് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനാണ്.
ഇപ്പോഴിതാ അനിലിന് ശബ്ദം നൽകിയ അനുഭവം പങ്കുവെയ്ക്കുകയാണ് മഹേഷ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഹേഷ് തന്റെ സന്തോഷം പങ്കുവെച്ചത്. ഈ കലാജീവിതത്തിൽ ഏറ്റവും അഭിമാനിക്കാൻ കഴിയുന്ന ഒന്നായിരുന്നു അനില്‍ നെടുമങ്ങാടിന് ശബ്ദം നൽകിയ നിമിഷങ്ങളെന്ന് മഹേഷ് പറയുന്നു. ചിത്രം റിലീസിനെത്തുമ്പോൾ വലിയ ടെൻഷൻ ഉണ്ടായിരുന്നുവെന്നും മഹേഷ് പറഞ്ഞു.
മഹേഷിന്റെ വാക്കുകൾ:
‘അനിലേട്ടനെ പോലെ വലിയൊരു നടന്റെ ശബ്ദം ഞാൻ ചെയ്യുമ്പോൾ അത് ആളുകള്‍ എങ്ങനെ എടുക്കും എന്നു വിചാരിച്ചിരുന്നു. പക്ഷേ ചിത്രം റിലീസ് ചെയ്ത് ഞാൻ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചപ്പോഴാണ് പലരും ഇത് തിരിച്ചറിയുന്നത് തന്നെ. ഒരാളുടെ ശബ്ദം നൂറ് ശതമാനം കൃത്യതയോടെ മറ്റൊരാൾക്ക് അനുകരിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചെറിയൊരു സാമ്യം കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.’–മഹേഷ് പറഞ്ഞു.
Post Your Comments