തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച സീരിയല് സിനിമാ നടൻ മണി മായമ്പിള്ളിയെക്കുറിച്ചു ഹൃദയസ്പർശിയായ കുറിപ്പുമായി സീരിയൽ താരം ആനന്ദ് നാരായൻ. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ ഒരുമിച്ചുള്ള അഭിനയത്തെക്കുറിച്ചും യാത്രയെക്കുറിച്ചും പങ്കുവയ്ക്കുന്നു.
”മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടൻ ഒരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവർക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം. മണിച്ചേട്ടന്റെ സ്വന്തം ശൈലിയിൽ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനിൽ നിറഞ്ഞു നിൽക്കും. ഏതാണ്ട് ഒരേ ടൈമിൽ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകൾ ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു.
സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനിൽ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങൾ ഒരുമിച്ച് എന്റെ കാറിൽ ആണു യാത്ര, നാല് മണിക്കൂർ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകൾ, മണി ചേട്ടൻ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തട്ടേൽ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്കർ എന്ന്.
പരിചയപെട്ട ആ നാൾ മുതൽ (ജൂൺ 2)ഇന്നലെ വരെ മണി ചേട്ടൻ മെസ്ജ് അയക്കാത്ത ദിവസങ്ങൾ ഇല്ല, രാവിലെ ഫോൺ എടുക്കുമ്പോ ആദ്യം കാണുന്നത് മേൻനെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേൽ ഗുഡ് മോർണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടൻ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം നാളെ മുതൽ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.
പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടൻ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടൻ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സിൽ മണി ചേട്ടന് ഞങ്ങൾ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമം”- ആനന്ദ് കുറിച്ചു
Post Your Comments