അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അദിതി ബാലൻ. ഇപ്പോഴിതാ താരം മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ പൃഥ്വിരാജിനും നിവിൻ പോളിയുടെയും നായികയായാണ് അദിതി മലയാള സിനിമയിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായെത്തുന്ന ചിത്രം കോള്‍ഡ് കേസ് ജൂണ്‍ 30 ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. നിവിൻ പോളിക്കൊപ്പം പടവെട്ട് എന്ന ചിത്രത്തിലാണ് അദിതി എത്തുന്നത്.
ഹൊറര്‍ ത്രില്ലര്‍ ആയ കോള്‍ഡ് കേസ് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൃഥ്വിരാജിനെ പോലൊരു സൂപ്പര്‍ താരത്തിനൊപ്പം ആയത് കൊണ്ടാണ് എന്ന് അദിതി പറയുന്നു. കൂടാതെ നിവിനൊപ്പമുള്ള അനുഭവവും താരം സില്ലിമോങ്ക്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അദിതി ചെന്നൈയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. അദിതിയുടെ അച്ഛൻ തമിഴനും അമ്മ മലയാളിയുമാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ മലയാള സിനിമയുടെ ഫാനാണ് താനെന്ന് അദിതി പറയുന്നു.
അദിതിയുടെ വാക്കുകൾ:
പൃഥ്വിരാജ് ഭയങ്കര ഡെഡിക്കേറ്റഡ് ആയിട്ടുള്ള പ്രൊഫഷണല്‍ ആയിട്ടുള്ള സിനിമാ പ്രവര്‍ത്തകനാണ്. ഞാനും പൃഥ്വിരാജും തമ്മില്‍ ഒരുപാട് കോമ്പിനേഷന്‍ രംഗങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സംസാരിച്ചിട്ടൊന്നും ഇല്ല. എന്നാല്‍ കുറച്ചൊക്കെ സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹം ഒരു രംഗത്തില്‍ അഭിനയിക്കാന്‍ വരും, വിരല്‍ ഞൊടിയ്ക്കുന്ന അത്രയും എളുപ്പത്തില്‍ ആ രംഗം അഭിനയിച്ച് പോവും. അദ്ദേഹത്തിനൊപ്പമുള്ള അഭിനയാനുഭവം ഗംഭീരമായിരുന്നു എന്ന് അദിതി പറയുന്നു.
ഭയങ്കര ജോളിയായിട്ടുള്ള ആളാണ് നിവിന്‍ പോളി. വലിയൊരു നടനാണ്. എന്നാല്‍ അദ്ദേഹത്തിനൊപ്പം നില്ക്കുമ്പോള് നമുക്ക് അത് അനുഭവപ്പെടില്ല. നമ്മുടെ ഒരു സുഹൃത്തിനെ പോലെയോ, സഹോദരനെ പോലെയോ ആണ് തോന്നുന്നത്. നിവിനൊപ്പം സിനിമ ചെയ്യാന്‍ വളരെ കംഫര്‍ട്ട് ആണ്. അതേ സമയം വളരെ തീക്ഷ്ണമായ ഒരു നടന് കൂടെയാണ് അദ്ദേഹം. മൂത്തോന് എന്ന സിനിമ കണ്ടപ്പോഴാണ് എനിക്കത് മനസ്സിലായത്. കൂടെ അഭിനയിക്കുമ്പോള്‍ ശരിക്കും ബോധ്യമായി എന്ന് അദിതി പറഞ്ഞു.
Post Your Comments