ചെന്നൈ: കോവിഡ് ബാധയിൽ നിന്നും മുക്തയായതിന് പിന്നാലെ തന്നെ കാൻസറും പിടികൂടിയെന്ന് നടി ശിവാനി. ഒരു കീമോ കഴിഞ്ഞുവെന്നും രണ്ടാമത്തേതിനുള്ള തയ്യാറെടുപ്പിലാണെന്നും ശിവാനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തന്റെ നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ബോയ് കട്ട് ചെയ്തത് എന്നും ശിവാനി പറയുന്നു.
ശിവാനിയുടെ വാക്കുകൾ:
അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ..
എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു…ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി…ഇതെന്റെ രണ്ടാമത്തെ കീമോ ആണ്…ആറ് എണ്ണം കൂടി ബാക്കിയുണ്ട് …. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് …ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു …മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ”
മോഹൻലാല്‍ ചിത്രം ഗുരുവിൽ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. അണ്ണൻ തമ്പി, രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. ശിവാനിയുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന് ഐപിഎല്‍ താരമാണ്. ഇരുവർക്കും ഒരു മകനുണ്ട്. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.
Post Your Comments