പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോൾഡ് കേസ്’. ജൂൺ 30ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. ദുരൂഹമായ നരഹത്യ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ എസിപി സത്യജിത് ആയാണ് ചിത്രത്തിൽ പൃഥ്വി എത്തുന്നത്. ചിത്രത്തിൽ പൃഥ്വിരാജിനെ നായകനായി കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് പറയുകയാണ് കോൾഡ് കേസിന്റെ സംവിധായകൻ തനു ബാലക്. തന്റെ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹമെന്നും തനു പറയുന്നു. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തനു ബാലക്കിന്റെ വാക്കുകൾ :
‘ഇതൊരു ഹൊറർ ത്രില്ലറാണ്. തീയേറ്ററായിരുന്നു ഞങ്ങളുടെ ആദ്യ പ്രിഫറൻസ്. എല്ലാവരേയും പോലെ തീയേറ്ററിൽ വരണമെന്നായിരുന്നു എന്റെ ആഗ്രഹവും. ശബ്ദവും ദൃശ്യവുമൊക്കെ സമ്മേളിച്ചു കൃത്യമായി കാണാനായിൽ നല്ല എക്സ്പീരിയൻസ് ഉണ്ടാകുമല്ലോ. പക്ഷേ കൊവിഡ് രണ്ടാം തരംഗം വരുമെന്ന് ആരും വിചാരിച്ചില്ലല്ലോ. അങ്ങനെയാണ് ഒടിടിയിൽ ചിത്രം എത്തുന്നത്. ഒടിടിക്ക് അതിന്റേതായ നേട്ടമുണ്ട്. ഈ സമയത്ത് തീയേറ്ററിലിറങ്ങിയാലും ആരോടും പോയി കാണണമെന്ന് പറയാനാകില്ലല്ലോ. ഒടിടിയിൽ നിരവധിപേരിലേക്ക് എത്തുകയാണണ്. എല്ലാവര്ക്കും വീട്ടിൽ സേഫായിരുന്ന് കാണാമല്ലോ. അതിനാൽ ഈ സമയം ഒടിടിയൽ വരുന്നത് നല്ലതാണെന്ന് തോന്നുന്നു.
പൃഥ്വിയോടൊപ്പം മുമ്പ് ചില പ്രൊമോ ഗാനങ്ങളും പരസ്യങ്ങളുമൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. എന്നെ പൃഥ്വിക്ക് അറിയാം. പക്ഷേ ഞങ്ങളൊരുമിച്ച് ഒരു വലിയ പ്രൊജക്ട് വരുന്നത് ആദ്യമായാണ്. അദ്ദേഹം സ്ക്രിപ്റ്റ് ഇഷ്ടപെട്ടാണ് സിനിമയിലേക്ക് എത്തിയത്, സ്ക്രിപ്റ്റിൽ വലിയ കോൺഫിഡൻസ് പൃഥ്വിക്ക് ഉണ്ടായിരുന്നു. എന്റെ ആദ്യ സിനിമയിൽ തന്നെ പൃഥ്വിയെ പോലെയൊരു വലിയ സ്റ്റാറിനെ ലഭിച്ചത് എന്റെ ഒരു ഭാഗ്യമായി കാണുന്നു’ – തനു ബാലക് പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അതിഥി ബാലനാണ് ചിത്രത്തിൽ നായിക. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന് ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന് ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments