കൊച്ചി : ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് അഞ്ചു ദിവസത്തോളം ഐസിയുവിലായിരുന്നു. അപകടനില തരണം ചെയ്തതിനെ തുടർന്ന് താരത്തെ കഴിഞ്ഞ ദിവസം മുറിയിലേക്ക് മാറ്റി. ഇപ്പോള്‍ ഡെങ്കിപ്പനിയുടെ ഘട്ടത്തിൽ താൻ കടന്നുപോയ ഭീകരാനുഭവം പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര തോമസ്.
യൂട്യൂബ് ലൈവിലൂടെയാണ് താരം ആരാധകര്‍ക്ക് മുന്നിലെത്തിയത്. ‘തന്റെ അച്ഛനാണ് ആദ്യം പനി വരുന്നത്. ആശുപത്രിയില്‍ കാണിച്ച് കോവിഡ് ടെസ്റ്റ് ചെയ്ത് പ്രശ്നമില്ലെന്നു കണ്ടതോടെ തിരിച്ചുവന്നു. അതിനു പിന്നാലെയാണ് അമ്മയ്ക്കും തനിക്കും പനി വന്നു. ഓരോ ദിവസം കഴിയുമ്ബോഴും അവസ്ഥ മോശമാകുകയായിരുന്നു. ഒരു ദിവസം രാവിലെ ചായകുടിക്കാന്‍ പോയപ്പോഴാണ് തലകറങ്ങി വീഴുന്നത്. തന്റെ മുഖം മുഴുവന്‍ കോടിപ്പോയെന്നും ഞരമ്ബ് വലിഞ്ഞു മുറുകിയത് മാറാന്‍ അഞ്ചു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു”- സാന്ദ്ര വ്യക്തമാക്കി.
‘ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്കാണ് എത്തിച്ചത്. എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടര്‍മാര്‍ നാല് വഴിക്ക് ഓടുന്നു. എല്ലാവരും പേടിച്ചുപോയി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറയുന്നതായിരുന്നു എന്റെ പ്രശ്നം. എഴുന്നേറ്റിരുന്നപ്പോള്‍ ബിപി വലിയ തോതില്‍ കുറഞ്ഞു. ഹൃദയമിടിപ്പ് 30 ലേക്ക് താണു. പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അന്ന് പപ്പയെയും കൊണ്ട് ആശുപത്രിയില്‍ വന്നപ്പോള്‍ ഞങ്ങളുടെ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഡെങ്കി നോക്കിയിരുന്നില്ല. ഐസിയുവില്‍ കയറ്റിയപ്പോള്‍ എല്ലാവരും വിചാരിച്ചു ഇനിയൊന്നും പേടിക്കേണ്ട കാര്യമില്ലെന്ന്. പക്ഷേ അതായിരുന്നു തുടക്കം.
ഐസിയുവില്‍ മരണത്തിനോട് മല്ലിടുന്ന ആളുകളെയാണ് കാണാന്‍ കഴിഞ്ഞത്. അപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി. അതിനിടയ്ക്ക് ഉറക്കത്തിനിടെ അറ്റാക്ക് വരുന്നതു പോലെ വേദന വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നില്ക്കുന്ന നഴ്സുമാരെ വിളിക്കാന്‍ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല. നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീല്‍ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാന്‍ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന.’- സാന്ദ്ര തോമസ് പറഞ്ഞു.
Post Your Comments