‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ…’ നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ്വിളക്കാവട്ടെ എന്റെ ജന്മം…’ തുടങ്ങിയ ഭക്തിഗാനങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ കവിയാണ് എസ് രമേശൻ നായർ. നാന്നൂറിൽ അധികം ഗാനങ്ങൾ രചിച്ച രമേശൻ നായർ വിടപറയുമ്പോൾ നഷ്ടമാകുന്നത് ഗ്രാമീണത ഗാനങ്ങളിൽ അടയാളപ്പെടുത്തിയ പ്രിയ കവിയെയാണ്.
‘ചന്ദനം മണക്കുന്ന പുന്തോട്ടം…’ ‘ഒരു പൂവിരിയുന്ന സുഖമറിഞ്ഞു…‘ദേവസംഗീതം നീയല്ലേ…’ ‘ഓ.. പ്രിയേ, പ്രിയേ നിനക്കൊരു ഗാനം…’ ‘നീയെൻ കിനാവോ…’ ‘പുതുമഴയായി വന്നൂ നീ…’ ‘എത്ര പൂക്കാലമിനിയെത്ര മധുമാസമതിലെത്ര നവരാത്രികളിലമ്മേ..’ ‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ..’ തുടങ്ങി ഒരു പിടി ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഭാവങ്ങൾക്കപ്പുറത്ത് യക്ഷി സങ്കൽപ്പങ്ങൾക്ക് പുതിയ ഭാവം നൽകിയ ആകാശ ഗംഗയിലെ ‘പുതുമഴയായി വന്നൂ നീ’ എന്ന ഗാനവും സംഗീത പ്രേമികൾ മറക്കില്ല.
ഗാനരചയിതാവ്, റേഡിയോ പ്രക്ഷേപകൻ, തിരക്കഥാകൃത്ത്, കവി, കഥാകൃത്ത് തുടങ്ങി വിവിധ രംഗങ്ങളിൽ കയ്യൊപ്പു പതിപ്പിച്ചു കൊണ്ടാണ് രമേശൻ നായർ കോവിഡ് മഹാമാരിയുടെ കാലത്ത് വിടവാങ്ങിയത്. ആകാശവാണി ജീവിതത്തിൽ വിവാദങ്ങളും അദ്ദേഹത്തെ പിന്തുടർന്നിരുന്നു. ശതാഭിഷേകം എന്ന നാടകത്തിൽ ലീഡർ കരുണാകരനെയും മകനെയും കളിയാക്കി എന്ന് പറഞ്ഞു തുടങ്ങിയ വിവാദം അദ്ദേഹത്തെ ആൻഡമാനിലേയ്ക്ക് നാടുകടത്തുന്നത് വരെ എത്തി. എന്നാൽ ഔദ്യോഗിക രംഗത്തെ ഒറ്റപ്പെടലിൽ വേദനിച്ച അദ്ദേഹം ജോലി രാജിവച്ചു.
മലയാളികൾ എന്നും സ്നേഹിക്കുന്ന ഒരുപിടി ഭക്തിഗാനങ്ങൾ രമേശൻ നായർ സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളിൽ ഇന്നും ആരാധകർ ഏറെയുള്ള ഒരു ആൽബമാണ് ‘മയിൽപ്പീലി’. ജയവിജയന്മാരിൽ ജയന്റെ സംഗീതത്തിൽ ‘തരംഗിണി’ പുറത്തിറക്കിയ ഈ ആൽബത്തിലെ ഒൻപതു ഗാനങ്ങളും ആലപിച്ചത് ഗാനഗന്ധർവൻ യേശുദാസും. ചെമ്പൈക്കു നാദം നിലച്ചപ്പോൾ.., ഒരു പിടി അവിലുമായി… തുടങ്ങിയ കൃഷ്ണ ഭക്തിഗാനങ്ങൾ ഇന്നും മലയാളികൾ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നവയാണ്.
Post Your Comments