GeneralLatest NewsMollywoodNEWS

മരണം വരെ അദ്ദേഹം അത് പാലിച്ചിട്ടുണ്ട്: സത്യനെ കുറിച്ച് ഷീല

സത്യൻ എന്ന മഹാനടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് നടി ഷീല

മലയാളത്തിന്റെ പ്രിയ നായകൻ സത്യന്‍ വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുന്നു. ഗുരുതരമായ രോഗത്തോട് പൊരുതിയും സിനിമാ അഭിനയം തുടര്‍ന്ന നടൻ. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ഏവരുടെയും മനസിൽ അദ്ദേഹം നിറഞ്ഞു തന്നെ നിൽക്കുന്നു. സത്യനൊപ്പം ഷീലയും ചേര്‍ന്ന ചിത്രങ്ങളെല്ലാം മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. അത്തരത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ഇരുവരും ഒന്നിച്ചെത്തിയ ചെമ്മീൻ. ഇപ്പോഴിതാ സത്യൻ എന്ന മഹാനടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് നടി ഷീല. സത്യൻമാഷിനെ കുറിച്ച് ഇന്നും തന്റെ മനസില്‍ മായാതെ നില്‍ക്കുന്നത് അദ്ദേഹം സമയത്തിന് നല്‍കിയ വിലയാണെന്ന് ഷീല പറയുന്നു.

ഷീലയുടെ വാക്കുകൾ:

‘സിനിമയില്‍ മറ്റെന്തിനെക്കാളും വിലപിടിച്ചത് സമയമാണ്. സമയവും കാലവുമാണ് സിനിമയില്‍ പരമപ്രധാനം. സത്യന്‍മാഷിന്‍റെ സമയനിഷ്ഠ തന്നെയാണ് ഞാന്‍ മാഷില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം- ഷീല പറയുന്നു. വാഹന സൗകര്യങ്ങളോ, ഇന്ന് സിനിമയില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത്, എന്തിന് മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത സമയത്തായിരുന്നു സത്യന്‍മാഷ് തന്‍റെ സമയനിഷ്ഠയില്‍ ഉറച്ചുനിന്നിട്ടുള്ളത്. തനിക്ക് എന്തെല്ലാം പ്രശ്‍നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യന്‍മാഷെത്തും. രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയില്‍ എത്തണമെന്ന് പറഞ്ഞാല്‍ കൃത്യം അഞ്ചരയ്ക്ക് തന്നെ എത്തിയിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും.സത്യന്‍ സാറിന്‍റെ മരണം വരെ ആ സമയനിഷ്‍ട്ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും സമയത്തിന്‍റെ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഞാന്‍ പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല.

അദ്ദേഹത്തിന്‍റെ ഈ സമയനിഷ്ഠയാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. മലയാള സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അത് തന്നെയാണ്. സത്യന്‍മാഷിന്‍റെ ഏറ്റവും നല്ല സ്വഭാവഗുണമേതെന്ന് ചോദിച്ചാലും ഞാന്‍ ഈ സമയനിഷ്ഠ തന്നെ ചൂണ്ടിക്കാണിക്കും. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കമുള്ള നടന്മാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരുമൊക്കെ ഇതുപോലെ സമയനിഷ്ഠ പാലിക്കുന്നവരാണ്.

അരനൂറ്റാണ്ട് പിന്നിടുന്ന സത്യന്‍മാഷിന്‍റെ ഓര്‍മ്മയില്‍ ഇന്നും തന്റെ മനസില്‍ മായാതെ നില്‍ക്കുന്നത് അദ്ദേഹം സമയത്തിന് നല്‍കിയ വില തന്നെയാണെന്നും’- ഷീല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button