തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമാണ് ബാലചന്ദ്രമേനോൻ. തന്റെ ജീവിതത്തിൽ അധികമാർക്കും അറിയാത്ത തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പലായനത്തെക്കുറിച്ചും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ബാലചന്ദ്ര മേനോൻ പറയുന്നു.
”എന്റെ സിനിമാ ജീവിതത്തിന്റെ ഞാൻ പോലും ഓർക്കാത്ത പലതും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ ഓർത്തിരിക്കുന്നതും ഉചിതമായ സന്ദർഭങ്ങളിൽ എന്നെ ഓർമ്മിപ്പിക്കുന്നതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .എന്നാൽ അധികം ആർക്കും അറിയാത്ത , എന്നാൽ ആരും അറിയാൻ ശ്രമിക്കാത്ത ചില അധ്യായങ്ങളും എന്റെ ജീവിതത്തിലുണ്ട് . അതിലൊന്നാണ് എന്റെ രാഷ്ട്രീയ പ്രവേശനവും പലായനവും …
read also: അമ്മയുടെ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാർഥനയിൽ ഞാൻ പങ്കെടുത്തില്ല: ബാബുരാജ്
1971 മുതൽ 1974 വരെയുള്ള എന്റെ യൂണിവേഴ്സിറ്റി കോളേജ് ജീവിതത്തിനിടയിലാണ് രാഷ്ട്രീയത്തിലെ എന്റെ അജ്ഞാതവാസം തുടങ്ങുന്നതും അവസാനിക്കുന്നതും.രാഷ്ട്രീയജീവിതത്തിൽ മനസ്സിന് ഇഷ്ടപ്പെട്ടോ വിരുദ്ധമായിട്ടോ നാം വിധേയരാകേണ്ടി വരുന്ന ‘മനസ്സാക്ഷിക്കു’ നിരക്കാത്ത ഇടപെടലുകളും എന്റെ വീക്ഷണങ്ങളും തമ്മിലുള്ള പൊരുത്തക്കേടലുകൾ കണ്ട് ഖിന്നനായത് കൊണ്ടാവാം ഞാൻ ഒരു അകാല വിരാമം സ്വീകരിച്ചത് .എന്നാൽ ആ ചുരുങ്ങിയ നാളുകളിൽ ഞാൻ ശരിക്കും ഒരു രാഷ്ട്രീയക്കാരന്റെ മാനസികാവസ്ഥയിലുള്ള ‘ വീറും വാശിയു’ മൊക്കെ സ്വന്തമാക്കി .മൂന്നാം വർഷം കോളേജ് യൂണിയൻ അധ്യക്ഷനായി വിജയപതാക പാറി പറത്തിയിട്ടാണ് ഞാൻ രംഗം വിടുന്നത് …അന്ന് ഞാൻ രാഷ്ട്രീയത്തിൽ കണ്ടു പഠിച്ച ‘തരികിടകൾ’ തന്നെയാണ് ഇന്നത്തെ രാഷ്ട്രര്യത്തിലും ഞാൻ കണ്ടു കൊണ്ടിരിക്കുന്നത് . സമകാലീന രാഷ്ട്രീയത്തിലെ ‘വിഴുപ്പലക്കലും’ ‘എച്ചിലു തീറ്റിയു’മൊക്കെ കാണുമ്പൊൾ അതിനു സമാനമായി കോളേജിൽ ഞാൻ കളിച്ച ‘കളികൾ’ഓർത്ത് ചിരിക്കാറുണ്ട് …
ഇപ്പോൾ ഇത് ഇവിടെ പറയാൻ ഒരു കാരണമുണ്ട് ..നമുക്ക് എല്ലവർക്കും കോളേജ് ജീവിതത്തിൽ മനസ്സാക്ഷി സൂക്ഷിപ്പുകാരായ അപൂർവ്വം സുഹൃത്തുക്കളുണ്ടാവുമല്ലോ .അങ്ങിനെയുള്ള ഒരു സുഹൃത്താണ് സഞ്ജീവ് ബാബു .എന്റെ ഈ രാഷ്ട്രീയപുരാണം അടുത്തറിയാവുന്ന അദ്ദേഹം അടുത്ത കാലത്തു തന്റെ ഫെസ്ബൂക് പേജിൽ എങ്ങിനെയോ എന്റെ രാഷ്ട്രീയ വനവാസത്തെ പരാമർശിച്ചു ഒരു പോസ്റ്റ് ഇട്ടു . തികച്ചും സത്യസന്ധമായ ഒരു നിരീക്ഷണം . അത് വായിച്ചപ്പോൾ എന്റെ മനസ്സും ആ കാലഘട്ടത്തിലേക്ക് പോയി … എന്നാൽ ഞാൻ കരുതി ,എല്ലാം ഞാൻ പങ്കു വെയ്ക്കുന്ന എന്റെ ഫേസ്ബൂക് മിത്രങ്ങളെയും ആ നല്ല കാലത്തിലേക്ക് ഒന്ന് കൂട്ടി കൊണ്ടുപോകാമെന്ന് …..
വായിച്ചു കഴിയുമ്പോൾ എന്നെ ഒരു പക്ഷെ ‘കരിങ്കാലി ‘ എന്നോ ‘അവസരവാദിയെന്നോ ‘ വേണ്ടി വന്നാൽ ‘ഫാസിസ്റ് ‘ എന്നോ ഒക്കെ വിളിക്കാൻ രാഷ്രീയ പ്രബുദ്ധതെയുള്ള ആർക്കെങ്കിലും തോന്നിയാൽ ഞാൻ നിസ്സഹായനാണ് .
അങ്ങിനെ എന്നെ വിളിച്ചിട്ടു സമകാലീന രാഷ്ട്രീയ രംഗത്തേക്ക് ഒന്ന് നോക്കിയാൽ എത്ര പേരെ എന്തെല്ലാം പേരിൽ വിളിക്കേണ്ടി വരും എന്ന് കൂടി ഒന്ന് ചിന്തിച്ചു നോക്കുക …
എന്നാലും സഞ്ജീവേ ….എട്ടിന്റെ പണി ആണല്ലോ തന്നത് !” – ബാലചന്ദ്ര മേനോൻ കുറിച്ചു.
Post Your Comments